
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്കായി കേന്ദ്ര പ്രതിനിധികൾ നാളെ കേരളത്തിലെത്തും. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമല്ല ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിക്കാനും നടക്കുന്നത് വലിയ ഗ്രൂപ്പ് പോരാണ്. കെ സുരേന്ദ്രൻ, എംടി രമേശ് ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശ്രീധരൻപിള്ള ഗവർണ്ണറായി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
കെ സുരേന്ദ്രനായി മുരളീപക്ഷവും എം ടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും നടത്തുന്നത് വലിയ നീക്കങ്ങളാണ്. ഗ്രൂപ്പുകൾക്കതീതമായി പരിഗണിക്കുന്ന പേര് ശോഭാ സുരേന്ദ്രന്‍റേതാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആർഎസ്എസ് സമ്മർദ്ദവുമുണ്ട്. ദേശീയ സഹസംഘടനാ സെക്രട്ടറി ശിവപ്രസാദും വക്താവ് ജിവിഎൽ നരസിംഹറാവുമാണ് സമവായ ചർച്ചക്കൾക്കായെത്തുന്നത്. സംസ്ഥാന ഭാരവാഹികളുമായി ഒറ്റക്കൊറ്റക്കായി ചർച്ച നടത്തി അഭിപ്രായം തേടും.
ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തി നിൽക്കെയാണ് കേന്ദ്രനേതാക്കളുടെ വരവ്. ആർഎസ്എസ് ആയിരുന്നു മണ്ഡലം പ്രസിഡന്‍റുമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ജില്ലാ പ്രസിഡണ്ടുമാരാകാനും നടക്കുന്നത് വലിയപോരാണ്. തിരുവനന്തപുരത്ത് വി വി രാജേഷിനെ മുരളീപക്ഷം രംഗത്തിറക്കുമ്പോൾ ചെമ്പഴന്തി ഉദയനും സജീവമായുണ്ട്. ജില്ലകളിൽ ഇന്നും നാളെയുമായി സമവായനീക്കം നടത്തും. പൗരത്വനിയമത്തെ അനുകൂലിച്ചുളള റാലിക്കായി അമിത്ഷാ 15ന് ശേഷം കേരളത്തിലെത്തും.അതിന് മുമ്പ് സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാനാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam