'തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ്'; ജെഎന്‍യു ആക്രമണത്തില്‍ പരിഹാസവുമായി കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും

By Web TeamFirst Published Jan 6, 2020, 12:17 AM IST
Highlights

തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം. 

കോഴിക്കോട്: ജവഹര്‍ലാൽ നെഹ്റു സ‍ര്‍വ്വകലാശാലയിൽ ഉണ്ടായ സംഘര്‍ഷത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു. മാരകായുധങ്ങളുമായി മുഖംമൂടി അണിഞ്ഞെത്തിയ സംഘം അഴിച്ചുവിട്ട അക്രമത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ തല്ലിച്ചത് എബിവിപി പ്രവര്‍ത്തകകരാണെന്ന് ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെ ആക്രമണത്തിനെത്തിയവരുടെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നു. എന്നാല്‍ ആക്രമണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി നല്‍കുകയാണെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പരിഹസിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും രംഗത്തെത്തിയത്. തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ശോഭയുടെ പരിഹാസം. സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി! ദേശീയ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളിൽ നിന്ന് ഈ റിപ്പോർട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല- ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജെ. എൻ. യുവിൽ കോൺഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാർത്തകളാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്‍റെ വിമര്‍ശനം. ദേശീയമാധ്യമങ്ങൾ സത്യം പറയുമ്പോൾ മലയാള മാധ്യമങ്ങൾ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്.ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങൾ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാർത്ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോൺഗ്രസ്സ് സംഘമാണ്- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു,

അതേ സമയം ജെഎന്‍യു ക്യാംപസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. അതേസമയം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ദില്ലി എയിംസ് ആശുപത്രിയിൽ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ അടക്കമുള്ള ഇടതുനേതാക്കൾ ജെഎൻയുവിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി. നേതാക്കള്‍ ക്യാംപസിന് പുറത്ത് നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു.
 

click me!