ഗവര്‍ണറെ ചൊല്ലി കൊമ്പ് കോര്‍ത്ത് നിയമസഭ; പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം വോട്ടിനിട്ട് തള്ളി

By Web TeamFirst Published Feb 3, 2020, 1:40 PM IST
Highlights

അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങുകയാണ് പ്രതിപക്ഷം എന്ന് എകെ ബാലൻ. 

തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാൻ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ നോട്ടീസിൽ കാര്യോപദേശക സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയിൽ വച്ചു. പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം സര്‍ക്കാര്‍ തള്ളിയ കാര്യം കാര്യോപദേശക സമിതി റിപ്പോര്‍ട്ട് നിയമസഭയിൽ വരുന്നതിന് മുമ്പ് പരസ്യമാക്കിയ മന്ത്രി എകെ ബാലൻ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഗവർണർക്കെതിരായ പ്രമേയം തള്ളിയത് മന്ത്രി പുറത്ത് പറഞ്ഞത് ചട്ടപ്രകാരമല്ല, ഇത് സഭയോടുള്ള അവഹേളനമാണെന്ന് എം.ഉമ്മർ പറഞ്ഞു. 

സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകമാത്രമാണ് ചെയ്തതത്. കാര്യോപദേശക സമിതി എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്ന് എകെ ബാലൻ വിശദീകരിച്ചു.അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങുകയാണ് പ്രതിപക്ഷം എന്നും എകെ ബാലൻ പറഞ്ഞു.ഗവർണര്‍ പദവിക്ക് സിപിഎം എതിരാന്നെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഗവർണറെ പിൻവലിക്കാനുള്ള പ്രമേയം കാര്യോപദേശക സമിതിക്ക് വീണ്ടും അയക്കണമെന്ന് ആവശ്യപ്പെട്ടു, 
സര്‍ക്കാരിന്‍റെ ഇരട്ടമുഖം ജനം മനസിലാക്കുമെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

ഗവർണർ കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായാണ് സംസാരിച്ചത്. അതിനോട് യോജിപ്പില്ല .അഭിപ്രായം പറഞ്ഞു എന്നതിന്‍റെ പേരിൽ ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെചോദ്യം. 

വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ പ്രമേയ നോട്ടീസ് കാര്യോപദേശക സമിതിക്ക് വീണ്ടും അയക്കണമെന്ന ഉപക്ഷേപം തള്ളി. 36 നെതിരെ 74 വോട്ടിനാണ് പ്രതിപക്ഷ ആവശ്യം നിയസഭ തള്ളിയത്. 

click me!