
തിരുവനന്തപുരം: കേരള പൊലീസിൽ ( Kerala Police ) ട്രാൻസ്‍ജെന്‍ഡേഴ്സിനെ ( Transgenders ) ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി ആഭ്യന്തരവകുപ്പ്. എല്ലാ വകുപ്പുകളിലും ട്രാൻസ്‍ജെന്‍ഡേഴ്സിന് പ്രാതിനിധ്യം നൽകുന്നതിന്‍റെ ഭാഗമായി വനിത- ശിശുക്ഷേമ വകുപ്പാണ് എല്ലാ വകുപ്പുകളോടും അഭിപ്രായം തേടിയത്. ആഭ്യന്തരവകുപ്പിലെത്തിയ അപേക്ഷയിൽ പഠിച്ച് റിപ്പോർട്ട് നൽകാനാണ് ഇപ്പോള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടും ബറ്റാലിയൻ എഡിജിപിയോടുമാണ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടിയത്.
സർക്കാർ നിർദ്ദേശം ഇതേവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ പരിശോധനകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പൊലീസ് ആസ്ഥാനവൃത്തങ്ങള്‍ അറിയിച്ചു. ട്രാൻസ്‍ജെന്‍ഡേഴ്സിനെ സേനയില്‍ എടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും തീരുമാനമെടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ പൊലീസിലേക്ക് ട്രാൻസ്‍ജെന്‍ഡേഴ്സിനെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പ്രധാന പത്രങ്ങളില്‍ രണ്ടാഴച്ച മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നു. എസ്ഐ, റിസര്‍വ്ഡ് ബറ്റാലിയന്‍ ലിസ്റ്റിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. 22 അപേക്ഷകള്‍ ലഭിച്ചു. തമിഴ്നാട്ടില്‍ ഒരു എസ്ഐയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളത്. ഛത്തീസ്ഖണ്ഡില്‍ 13 ട്രാൻസ്‍ജെന്‍ഡേഴ്സിനെ കോണ്‍സ്റ്റബിള്‍മാരായി തെരഞ്ഞെടുത്തിരുന്നു. 2017 ലാണ് ഇതുസംബന്ധിച്ച് ഛത്തീസ്ഖണ്ഡ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam