പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ വിളിച്ച് പീഡിപ്പിച്ചു, പിരിച്ചുവിട്ട എസ്ഐക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും

By Web TeamFirst Published Apr 29, 2024, 4:38 PM IST
Highlights

പതിനാറ് കാരിയെ പീഡിപ്പിച്ച കേസ് എസ്ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴ

ചിത്രം പ്രതീകാത്മകം
 

തിരുവനന്തപുരം: 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായി പിരിച്ചുവിട്ട ഐസ്ഐക്ക്  ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയും. കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് ജഡ്ജി ആർ രേഖ വിധിന്യായത്തിൽ പറയുന്നു. പിഴ തുക കുട്ടിക്ക് നൽകണം.

2019 നവംബർ 26-ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിലെ സംഭവം നടക്കുന്നത്. സംഭവകാലത്ത് പ്രതി റെസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റും, കുട്ടി ചിൽഡ്രൻസ് ക്ലബിന്റെ പ്രസിഡന്റും ആയിരുന്നു. റെസിഡൻസ് അസോസിയേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി ഇയാൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ മകൾ വീട്ടിലുണ്ടാവുമെന്ന് കരുതിയാണ് കുട്ടി പ്രതിയുടെ വീട്ടിലേക്ക് ചെന്നത്..

ലിസ്റ്റ് വാങ്ങുതിനിടെ പ്രതി കുട്ടിയെ മടിയിൽ പിടിച്ചിരുത്തി കടന്നുപിടിക്കുകയായിരുന്നു. കുട്ടി പെട്ടെന്ന് കൈ തട്ടിമാറ്റി വീട്ടിൽ നിന്ന് ഓടി. പ്രതി പുറകെ ഓടി ചെന്ന് ഈ സംഭവത്തിൽ പിണങ്ങരുത് എന്ന് പറഞ്ഞു. സംഭവത്തിൽ ഭയന്ന കുട്ടി അന്നേദിവസം ആരോടും കാര്യം പറഞ്ഞില്ല. അടുത്ത ദിവസം സ്കൂളിലെ അധ്യാപികയോട് ഈ വിവരം വെളിപ്പെടുത്തി.

പ്രതിയെ പറഞ്ഞ് വിലക്കണമെന്ന് അധ്യാപികയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അധ്യാപികയാണ് പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി, സംഭവം പോലീസിൽ അറിയിച്ചത്. സംഭവകാലത്ത് പ്രതി ബോബ് ഡിറ്റെക്ഷൻ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു. ഇതിന് ശേഷം കേസ് എടുക്കുകയും തുടർന്ന് പ്രതിയെ സർവ്വീസിൽ നിന്നും പിരിച്ച് വിടുകയും ചെയ്തു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർവൈ ഹാജരായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ രേഖകൾ ഹാജരാക്കുകയും, പ്രതിഭാഗം 7 സാക്ഷികളെ വിസ്തരിക്കുകയും 4 രേഖകൾ ഹാജരാക്കുകയും  ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി എസ് സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.

'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!