Asianet News MalayalamAsianet News Malayalam

'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

ഹരിത കർമ്മ സേനാംഗങ്ങൾ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി

SI shouted to get out of polling booth Harita Karma Sena members filed complaint
Author
First Published Apr 28, 2024, 8:26 PM IST

ആലപ്പുഴ: വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ ജോലി ചെയ്തിരുന്ന ഹരിത കർമ്മ സേനാംഗങ്ങളോട് പൊലീസ് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തി എസ് ഐ ഗോപാലകൃഷ്ണനെതിരെ പരാതി നൽകി.

പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി ഗവണ്‍മെന്റ് എൽപിഎസ്, പയ്യനല്ലൂർ ഡബ്ല്യുഎൽപിഎസ്, ഉളവുക്കാട് ആർസിവി എൽപിഎസ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉണ്ടായിരുന്ന ഹരിത കർമ്മ സേനാംഗങ്ങളാണ് പരാതിക്കാർ. അകാരണമായി കയർത്തു സംസാരിച്ചെന്നാണ് പരാതി. ജനമധ്യത്തിൽ വച്ച് പെറുക്കികൾ എന്ന് വിളിച്ച് ബൂത്തിൽ നിന്നും ഇറങ്ങിപ്പോകണമെന്ന് ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതി. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം പഞ്ചായത്ത് പരിധിയിലെ 24 ബൂത്തുകളിലേക്കും ഹരിത ചട്ട പ്രകാരം ഹരിത കർമ്മ സേനാംഗങ്ങളെ പഞ്ചായത്ത് സെക്രട്ടറി ജോലിക്ക് നിയോഗിച്ചിരുന്നു. ജോലികൾ ചെയ്ത് വരവെയാണ് രാവിലെ 9.30 ഓടെ എരുമക്കുഴി എൽ പി എസിൽ പൊലീസ് സംഘം എത്തിയത്. എസ് ഐ ഇറങ്ങി വന്ന് നിങ്ങൾ പുറത്തുപോകണമെന്ന് ആക്രോശിച്ചപ്പോൾ ജോലിക്കു നിയോഗിച്ചിട്ടുള്ളതായ രേഖകൾ കാണിച്ചിട്ടും മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. തുടർന്നാണ് മറ്റ് രണ്ട് ബൂത്തുകളിലും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇതേ അനുഭവം ഉണ്ടായത്. തങ്ങളുടെ യൂണിഫോം ഇട്ട് വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. 

കഴിഞ്ഞ ദിവസം വൈകിട്ട് വനിതാ പഞ്ചായത്തംഗങ്ങളുടെയും സിഡിഎസ് ചെയർപേഴ്സന്റേയും സാന്നിധ്യത്തിലാണ് ഹരിത കർമ്മ സേനാംഗങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. എന്നാൽ ബൂത്തുകളിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവരെ ബൂത്തുകളിൽ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ ഒഴിവാകാൻ ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നാണ് സി ഐ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios