മെഡി. കോളേജുകളിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങും; സ്റ്റെന്‍റ് വിതരണം നിർത്തുമെന്ന് വിതരണക്കാരുടെ ഭീഷണി

By Web TeamFirst Published Jun 24, 2019, 5:20 PM IST
Highlights

കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിലേയ്ക്കുള്ള സാമഗ്രികളുടെ വിതരണം നേരത്തെ വിതരണക്കാർ നിർത്തി വച്ചിരുന്നു

കോഴിക്കോട്: കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ സ്റ്റെന്റ്, പേസ്മേക്കർ തുടങ്ങിയ അനുബന്ധ ഉപകരണങ്ങൾ നൽകുന്നത് നിർത്തലാക്കാനൊരുങ്ങി വിതരണക്കാർ. കോഴിക്കോട് ചേർന്ന ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആന്റ് ഡിസ്പോസിബിൾസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. ഇക്കാര്യം സംബന്ധിച്ച് തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോട്ടയം, എന്നീ മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്ക് വിതരണക്കാർ നോട്ടീസ് നൽകും. ജൂലൈ അഞ്ചിനകം കുടിശ്ശിക നൽകണമെന്നാണ് വിതരണക്കാരുടെ ആവശ്യം.

കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിലേയ്ക്കുള്ള സാമഗ്രികളുടെ വിതരണം നേരത്തെ വിതരണക്കാർ നിർത്തി വച്ചിരുന്നു. ഇതോടെ ഹൃദയശസ്ത്രക്രിയ സംബന്ധമായ അവശ്യ സാമഗ്രികളുടെ അഭാവത്തിൽ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന കാത്ത് ലാബ് അടച്ചുപൂട്ടുകയും ചെയ്തു. 

അതേസമയം അടച്ചുപൂട്ടിയ കാത്ത് ലാബ് അടിയന്തിരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലാബ് തുറന്ന് ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞിരുന്നു. 

click me!