
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി. അതേസമയം, മൂന്നാറിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണിൽ എത്തേണ്ടത്.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു. അതേസമയം, അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നേര്യമംഗലം - വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
സംസ്ഥാനത്ത് മഴ കനക്കുകയാണ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam