കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി

Published : Sep 21, 2026, 12:02 AM IST
Kerala Rain News

Synopsis

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാവുകയാണ്. ഇന്ന് മഴക്കെടുതിയിൽ ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് പൂക്കോട്ടുംപാടം ടി കെ നഗറിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. നാലുപേരെ കാണാനില്ല.

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം. ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമായതിനിടെയാണ് ആറ് മരണം റിപ്പോർട്ട് ചെയ്തത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു, നാലുപേരെ കാണാനില്ല. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്.

മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ

മലപ്പുറത്ത് പൂക്കോട്ടുംപാടം ടികെ നഗറിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ആറുപേരെ കാണാതായെന്നും രണ്ടുപേരുടെ മൃതദേഹം ലഭിച്ചുവെന്നുംമന്ത്രി എപി അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് പരിമിതിയുള്ള സ്ഥലമാണെന്നും ഇന്ന് ദുഷ്കരമായതിനാൽ ഭാഗികമായി തെരച്ചിൽ നിർത്തിയെന്നും മന്ത്രി അറിയിച്ചു. പുഴയിൽ വെള്ളം പെട്ടെന്ന് കൂടി വരുന്നുണ്ട്. നാളെ രാവിലെ ആറുമണിയോടെ ഊർജിതമായ തെരച്ചിൽ നടത്തും. അപകടമുണ്ടായ സമയത്ത് തന്നെ നാട്ടുകാർക്ക് കുറെ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചു. പുഴയുടെ കരകളിൽ ആളുകൾ ഇപ്പോഴും തെരച്ചിൽ നടത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെറു വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയവരാണ് ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായത്.

കൊട്ടക്കമ്പൂരിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി കൊട്ടക്കമ്പൂരിൽ കനത്ത മഴയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് രണ്ടുപേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടവടയിലും കൊട്ടക്കമ്പൂരിലും മേഖലയിൽ രാവിലെ മുതൽ ഇടവിട്ട കനത്ത മഴയായിരുന്നു. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.

കനത്ത മഴ കാരണം കൃഷിയിടത്തു നിന്ന് ഷെഡ്ഡിലേക്ക് കയറി നിന്നതായിരുന്നു ബാലകൃഷണനും ഭാര്യ മാരിയമ്മയും സഹോദരി ചിന്നുവും. മണ്ണിടിഞ്ഞുവീണ് തക‍ർന്ന ഷെഡ്ഡിൽ മൂവരും അകപ്പെട്ടു. ദുരന്തമറിഞ്ഞ് നാട്ടുകാരും അഗ്നിരക്ഷാസേനയുമൊക്കെയെത്തി ഇവരെ പുറത്തെടുക്കാൻ തീവ്ര ശ്രമം നടത്തി. അതിനിടെ ബാലകൃഷ്ണനും ചിന്നുവിനും ജീവൻ നഷ്ടമായി. പരിക്കേറ്റ മാരിയമ്മയെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അതികൃതർ. ചെങ്കുത്തായ പ്രദേശത്തെ കൃഷിയിടത്തിലേക്ക് രക്ഷാപ്രവർത്തകരെത്തിയത് ഏറെ പണിപ്പെട്ടായിരുന്നു. മഞ്ചലിൽ ചുമന്നാണ് മണ്ണിനടിയിലകപ്പെട്ടവരെ പുറത്തെത്തിച്ചത്. കനത്ത മഴയിൽ കൊട്ടക്കാമ്പൂർ - തട്ടാമ്പാറ റോഡിലെ പാലത്തിന് കേടുപാട് പറ്റി. പലയിടത്തും വെളളക്കെട്ടിൽ കൃഷിനാശവുമുണ്ടായിട്ടുണ്ട്.

അടിമാലി മേഖലയിൽ ശക്തം

ഇടുക്കി അടിമാലി മേഖലയിൽ മഴ കനക്കുന്നു. നേര്യമംഗലം, ചീയപ്പാറ, വാളറ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ദേവിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു. പത്താംമൈലിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അടിമാലിക്ക് സമീപം പഴമ്പള്ളിച്ചാലിൽ മണ്ണിടിച്ചിൽ ഉണ്ടായി. ചീയപ്പാറക്കും ആറാം മൈലിനും ഇടയിൽ വെള്ളക്കെട്ടുമുണ്ടായി. ചീയപ്പാറയിൽ വാഹനത്തിന് മുകളിൽ കല്ല് പതിച്ചു. ആർക്കും പരിക്കില്ല

കോട്ടയത്ത് രണ്ട് മരണം

കോട്ടയത്ത് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. തീക്കോയി വേലത്തുശ്ശേരിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് യുവതി മരിച്ചത്. ചെന്നൈ ജവഹർനഗർ സ്വദേശി സംഗീത അരുൾ ലാലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് ചേലാട്ട് വീട്ടിൽ ജോസഫ് ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ജോസഫിന്‍റെ മക്കളായ ജിമ്മിയും ഡെന്നീസും രക്ഷപ്പെട്ടു.

മംഗളഗിരി എരിയാറ്റുപാറയിലും മണ്ണിടിഞ്ഞ് രണ്ട് വീടുകൾ തക‍ന്നു. വീടുകളിൽ ആരും ഉണ്ടായിരുന്നില്ല. ജില്ലയുടെ കിഴക്കൻ മേഖലയിൽ വൈകുന്നേരം ശക്തമായ മഴയാണ് പെയ്തത്. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലയിലാണ് കൂടുതൽ ദുരിതം. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നു. നദിയിൽ കലങ്ങിമറിഞ്ഞ വെള്ളമാണ്. വാഗമൺ - ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസ്സപ്പെട്ടെങ്കിലും നിലവിൽ ഭാഗികമായി പുനസ്ഥാപിച്ചു. മാർമല അടക്കമുള്ള വെള്ളചാട്ടങ്ങളിൽ ശക്തമായ വെള്ളം ഒഴുക്കാണ്. തീക്കോയി വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞ് രണ്ടു കാറുകൾക്ക് മുകളിലേക്ക് വീണു. യാത്രക്കാർക്ക്‌ ആർക്കും പരിക്കില്ല.

കോഴിക്കോടും മഴ

കോഴിക്കോട് തീരദേശ മേഖലയിലും മഴ ശക്തം. പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൽ മണ്ണ് ഇടിഞ്ഞു. കത്തറമ്മൽ ഭാഗത്ത് റോഡിനു സംക്ഷണഭിത്തി കെട്ടുന്നതിനായി മണ്ണെടുത്ത ഭാഗത്താണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൻ തോതിൽ മണ്ണ് ഇടിഞ്ഞുവീണു. റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം താഴെയുള്ള വീട്ടുമുറ്റത്തേക്കാണ് വീഴുന്നത്. ഇതോടെ വീടും അപകട ഭീഷണിയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഴക്കെടുതിയിൽ വിറച്ച് കേരളം, 6 ജീവൻ നഷ്ടം; മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം, 'ഒഴിപ്പിക്കൽ വേഗത്തിലാക്കണം'
ആന്‍റോ അഗസ്റ്റിന്‍റെ വാദം പൊളിയുന്നു; ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത്, രേഖകൾ പുറത്ത്