കുടിവെള്ളമായി മലിനജലം നല്‍കിയാല്‍ 'പിടി വീഴും': നടപടിയുമായി എറണാകുളം ജില്ലാ ഭരണകൂടം

By Web TeamFirst Published Dec 30, 2019, 6:33 PM IST
Highlights

പാറമടകളിൽ നിന്നും ശേഖരിക്കുന്ന മലിന ജലം പോലും കുടിവെള്ളമെന്ന പേരിൽ എറണാകുളം ജില്ലയിൽ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ഹൈക്കോടതിയും നിയമ സഭ സമിതിയും പ്രശ്നത്തിൽ ഇടപെട്ടു.

കൊച്ചി: എറണാകുളത്ത്  കുടിവെള്ളമായി മലിനജലം നൽകുന്നവരെ കുടുക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. നാളെ മുതൽ ടാങ്കറുകളിലെ പരിശോധന ശക്തമാക്കും. ടാങ്കറുകൾക്ക് ആവശ്യമായ ശുദ്ധജലം നൽകാൻ ജല അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

 പാറമടകളിൽ നിന്നും ശേഖരിക്കുന്ന മലിന ജലം പോലും കുടിവെള്ളമെന്ന പേരിൽ എറണാകുളം ജില്ലയിൽ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ഹൈക്കോടതിയും നിയമ സഭ സമിതിയും പ്രശ്നത്തിൽ ഇടപെട്ടു.  ഒന്നാം തീയതി മുതൽ മലിന ജലം വിതരണം ചെയ്യാതിരിക്കാൻ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. ഇത് നടപ്പിലാക്കുന്നതിനായി ജില്ല ഭരണകൂടം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ടാങ്കർ ലോറി ഉടമകളുടെയും യോഗം വിളിച്ച് കർശന നിർദ്ദേശം നൽകി. 

13 സ്ഥലത്തായി വാട്ടർ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന സ്രോതസ്സുകളിൽ നിന്നു മാത്രമേ ഇനി വെള്ളമെടുക്കാവൂ. ഇത് അടുത്തു തന്നെ 20 ആക്കി ഉയർത്തും. വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളുടെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കി നിശ്ചിത കാലത്തേക്ക് സർട്ടിഫിക്കറ്റ് നൽകാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം കളമശ്ശേരി ഭാഗത്ത് പരിശോധിച്ച ഒൻപതു വാഹനങ്ങളിൽ ഏഴെണ്ണത്തിലും കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയിരുന്നു. പരിശോധന കർശനമാക്കി എല്ലാ ദിവസും റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

click me!