മരട്: കുടിയിറങ്ങിയതോടെ ഫ്ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളുടെ ഇടനിലക്കാർ

By Web TeamFirst Published Oct 5, 2019, 6:42 AM IST
Highlights

ചുരുങ്ങിയ ദിവസം കൊണ്ട് ഫ്ലാറ്റുകൾ ഒഴിയേണ്ടി വന്നതോടെ പകരം താമസത്തിന് ഇടം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഫ്ലാറ്റിലെ കുടുംബങ്ങൾ. കുട്ടികളുടെ സ്കൂളും ജോലിയുമെല്ലാം മരടിനോടടുത്ത സ്ഥലങ്ങളിലായതിനാൽ കൂടൂതൽ പേരും പരിസര പ്രദേശങ്ങളിൽ തന്നെയാണ് വാടക വീടുകൾ അന്വേഷിക്കുന്നതും. 

മരട്: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ആളുകൾ കുടിയിറങ്ങിയതോടെ ഫ്ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളുടെ ഇടനിലക്കാർ. മരടിലും പരിസരത്തും നിലവിലുള്ള വാടകയുടെ ഒന്നും രണ്ടും ഇരട്ടിയാണ് ഇവർ വർദ്ധിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫ്ലാറ്റുകളിലും ഭീമമായ തുകയാണ് ഇപ്പോൾ വാടകയായി ആവശ്യപ്പെടുന്നതെന്ന് ഉടമകൾ പറയുന്നു.

ചുരുങ്ങിയ ദിവസം കൊണ്ട് ഫ്ലാറ്റുകൾ ഒഴിയേണ്ടി വന്നതോടെ പകരം താമസത്തിന് ഇടം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഫ്ലാറ്റിലെ കുടുംബങ്ങൾ. കുട്ടികളുടെ സ്കൂളും ജോലിയുമെല്ലാം മരടിനോടടുത്ത സ്ഥലങ്ങളിലായതിനാൽ കൂടൂതൽ പേരും പരിസര പ്രദേശങ്ങളിൽ തന്നെയാണ് വാടക വീടുകൾ അന്വേഷിക്കുന്നതും. ഈ സാഹചര്യം മുതലെടുക്കുകയാണ് ഇടനിലക്കാർ. 

പതിനയ്യായിരം രൂപയ്ക്ക് വീട് വാടകയ്ക്കുണ്ടെന്ന പരസ്യം കണ്ട് ഇടനിലക്കാരനെ ഫോണിൽ വിളിച്ച മനോജിന് ഇരുപത്തയ്യായിരം രൂപ വേണമെന്നാണ് ലഭിച്ച മറുപടി. മരടിലെ ഫ്ലാറ്റുകളിൽ നിന്നാണെന്ന് അറിയുന്പോൾ എവിടെയും ഇല്ലാത്ത വാടകയാണ് ഇടനിലക്കാർ ചോദിക്കുന്നതെന്ന് ഇവർ പറയുന്നു.

നഗരസഭ കണ്ടെത്തിയ ഫ്ലാറ്റുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അവർ പറയുന്ന വാടക നൽകാൻ കഴിയില്ലെന്ന് പറഞ്ഞാൽ ഫ്ലാറ്റുകൾ ഒഴിവില്ലെന്നാകും മറുപടി.
സുഹൃത്തുക്കളുടെ വീട്ടിലോ ഹോട്ടലുകളിലോ ആണ് മിക്ക ആളുകളും ഇപ്പോൾ താമസിക്കുന്നത്. വാടകയിനത്തിലെ ഇടനിലക്കാരുടെ കൊള്ള ജില്ലാ ഭരണകൂടം ഇടപെട്ട് തടയണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം.

ഉടമസ്ഥർ ആരെന്നറിയാതെ 50 ഫ്ലാറ്റുകൾ

താമസക്കാരെ ഒഴിപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോഴും ഉടമസ്ഥർ ആരെന്നറിയാത്ത 50 ഫ്ലാറ്റുകൾ ആണ് മരടിൽ ഉള്ളത്. ഉടമസ്ഥർ എത്തിയില്ലെങ്കിൽ റവന്യൂ വകുപ്പ് ഫ്ലാറ്റുകൾ നേരിട്ട് ഒഴിപ്പിക്കും. ഇനി മരട് ഫ്ലാറ്റുകളിൽ നിന്നും 29 കുടുംബങ്ങളാണ് ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആൽഫാ 7, ഗോൾഡൻ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം.
 
മരടിൽ സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച ഇന്നലെ രാത്രിയോടെ എല്ലാവരും ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോയി. മുപ്പതോളം ഫ്ലാറ്റുകളിൽ നിന്നുള്ള സാധനങ്ങളും ഇന്ന് പുലർച്ചെ മുതൽ മാറ്റി തുടങ്ങി. ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും 4 സമുച്ചയങ്ങളിലായി 50 അപ്പാർട്മെന്റുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല.  ഇതെല്ലാം വിറ്റുപോയ ഫ്ലാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപറ്റിയിട്ടില്ല. അതിനാൽ തന്നെ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കും. എട്ടാം തിയതിക്കകം സാധനങ്ങൾ പൂർണമായും മാറ്റും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി ടെൻഡർ നൽകിയ കമ്പനികളിൽ നിന്ന് യോഗ്യരായവരേയും ഈ ദിവസങ്ങളിൽ തീരുമാനിക്കും

Read More: മരടിൽ ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ; ഉടമസ്ഥർ ആരെന്നറിയാതെ 50ഫ്ലാറ്റുകൾ

ക്രൈംബ്രാഞ്ച് സംഘം ഫ്ലാറ്റുകളിൽ

മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെയുള്ള കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാല് ഫ്ലാറ്റുകളിലുമെത്തി. തീരദേശ പരിപാലന നിയമലംഘനം കണ്ടെത്തുന്നതിന് സ്ഥലം അളന്നു തിട്ടപ്പെടുത്താൻ തുടങ്ങി. മരട് നഗരസഭയിലെത്തി ക്രൈംബ്രാ‌‌ഞ്ച് സംഘം രേഖകളും പരിശോധിച്ചിരുന്നു. സർവ്വേ വകുപ്പിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് ഫ്ലാറ്റുകളുടെ സ്ഥലം അളന്നു പരിശോധിക്കുന്നത്.നി‍ർമ്മാതാക്കളെ വിളിച്ചുവരുത്തി അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. ക്രൈം ബ്രാഞ്ച്  എസ് പി  വിഎം  മുഹമ്മദ്‌ റഫീഖ് റിച്ചഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.

click me!