കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഒരു ആഴ്ച കൂടി സമയം നീട്ടിനൽകണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഫ്ലാറ്റുകൾ ഒഴിയാൻ ഒരു മണിക്കൂർ സമയം പോലും നീട്ടിനൽകാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കൂടുതൽ വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് അരുൺ മിശ്ര അഭിഭാഷകർക്ക് മുന്നറിയിപ്പും നൽകി.

വിധിയിൽ ഒരു ഭേദഗതിയ്ക്കും ഉദ്യേശിക്കുന്നില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഞങ്ങൾ എങ്ങോട്ടു പോകുമെന്ന് ഫ്ലാറ്റ് ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ  ലില്ലി തോമസ് സുപ്രീംകോടയിൽ ചോദിച്ചു.

ഫ്ലാറ്റുകൾ ഒഴിയുന്ന കാര്യത്തിൽ ആവർത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജസ്റ്റിസ് അരുൺ മിശ്ര. ഫ്ലാറ്റുകൾ ഒഴിയാൻ കുറച്ച് ദിവസം കൂടി സാവകാശം വേണമെന്ന് അഡ്വ. ലില്ലി തോമസാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ചിന് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഒരു മണിക്കൂർ പോലും  സാവകാശം നൽകാനാകില്ലെന്നാണ് ഇപ്പോൾ അരുൺ മിശ്ര അറിയിച്ചിരിക്കുന്നത്.

ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ കോടതിയിൽ നിന്നും പുറത്തുപോകാനായിരുന്നു ജസ്റ്റിസിന്റെ നിർദ്ദേശം. കോടതിക്കകത്ത് ഒച്ച വയ്ക്കരുത്, ഒച്ചവച്ചാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അഭിഭാഷകർക്ക് ജസ്റ്റിസ് നൽകി.

അവസാന ശ്രമം എന്ന നിലയിലായിരുന്നു കുടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജസ്റ്റിസ് അരുൺ മിശ്ര.

അതേസമയം, ഇനി മരട് ഫ്ലാറ്റുകളിൽ നിന്നും 29 കുടുംബങ്ങളാണ് ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആൽഫാ 7, ഗോൾഡൻ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം. ഉടമസ്ഥർ ആരെന്നറിയാതെ 50ഫ്ലാറ്റുകളാണ് ഉള്ളത്. ഇത്തരം ഫ്ലാറ്റുകൾ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കു‌മെന്നാണ് സൂചന. 

Read More: മരടിൽ ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ; ഉടമസ്ഥർ ആരെന്നറിയാതെ 50ഫ്ലാറ്റുകൾ