കൊവിഡ്: അടിയന്തര സാഹചര്യം നേരിടാൻ കോഴിക്കോട് 31 കെയർ സെൻ്റെറുകൾ

By Web TeamFirst Published Mar 23, 2020, 5:06 PM IST
Highlights

അടിയന്തര സാഹചര്യം നേരിടാൻ കെയർ സെൻ്റെറുകളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. 

കോഴിക്കോട്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 31 കെയർ സെൻ്റെറുകൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു.

ജില്ലയിലെ കോളേജുകൾ, ഹോസ്റ്റലുകൾ, ഒഴിഞ്ഞു കിടക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, കോട്ടേജുകൾ എന്നിവയാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്ത് കെയർ സെൻ്റെറുകളാക്കി മാറ്റിയത്. ആശുപത്രികളിലേക്ക് പരിധിയിൽ കൂടുതൽ രോഗികളെത്തുന്ന സാഹചര്യം വന്നാൽ  ഈ കെയർ സെൻ്റെറുകളിലാവും ബാക്കി ചികിത്സ ഒരുക്കുക. 

ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ ഓരോ മുറികളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും. നിലവിൽ രണ്ട് പേർക്കാണ് കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

നിരീക്ഷണത്തിൽ കഴിയുന്ന 31-പേരുടെ സാംപിൾ പരിശോധനാഫലം ഇന്നു ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സമീപ ദിവസങ്ങിൽ നാട്ടിലെത്തിയ 8000-ത്തോളം പ്രവാസികളാണ് കോഴിക്കോട് ജില്ലയിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. കൊവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടേയും സമ്പർക്ക പട്ടികയിൽ കൂടുതൽ പേരില്ലാത്തത് ജില്ലാ ഭരണകൂടത്തിന് ആശ്വാസം നൽകുന്നുണ്ട്. 

click me!