
കൽപ്പറ്റ: വയനാട് ജില്ലയിലെ മാനന്തവാടിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചയാളുടെ കരുതൽ സംസ്ഥാനത്തിന് മികച്ച മാതൃകയെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള. വെറും മൂന്ന് പേർ മാത്രമാണ് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഏത് സാഹചര്യത്തെയും നേരിടാൻ ജില്ലാ സജ്ജമാണെന്നും കളക്ടർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഞായറാഴ്ച അബുദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മാനനന്തവാടി തൊണ്ടർനാട് സ്വദേശിയാണ് കൊവിഡ് ബാധിതനായി വയനാട്ടില്‍ ചികിത്സയിലുള്ളത്. നേരിയ രോഗലക്ഷണങ്ങളോടെ നാട്ടിലെത്തിയ ഇയാള്‍ ആദ്യഘട്ടം മുതല്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചു.
ടാക്സിയില്‍ വീട്ടിലെത്തുന്നതിന് മുന്‍പേ തന്നെ വീട്ടുകാരെയെല്ലാം അവിടെ നിന്നും മാറ്റി. അടുത്ത ദിവസം തന്നെ സ്രവം പരിശോധനക്കയച്ചു. ഏറെനാള്‍ വിദേശത്തു കഴിഞ്ഞു തിരിച്ചെത്തിയ ആളായിട്ടും ബന്ധുക്കളെയോ അയല്‍ക്കാരെയോ കാണാന്‍ കൂട്ടാക്കിയില്ല.
അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർപോലും ഇത്രയും ദിവസം ഇയാളുമായി ബന്ധപ്പെട്ടത് എഴുത്തുകളിലൂടെയാണ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ പ്രത്യേക കൊറോണ ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ ആകെ സമ്പർക്കത്തിലേർപ്പെട്ടത് മൂന്ന് പേരുമായി മാത്രം, അതും ഏറെ കരുതലോടെ. അതുകൊണ്ടു തന്നെ മറ്റു രോഗികളില്‍ നിന്ന് വ്യത്യസ്തമായി ഇയാളുടെ റൂട്ട് മാപ്പ് നേർരേഖയിലൊതുങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam