തൃശൂർ പൂരത്തിനിടെ അപകടം: റിപ്പോർട്ട് തേടി ജില്ലാ കലക്ടർ

By Web TeamFirst Published Apr 24, 2021, 10:42 AM IST
Highlights

പൊട്ടി വീണ മരത്തിന്റെ പഴക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാകലക്ടർ നിർദ്ദേശം നൽകിയത്. ഇന്നലെ അർധരാത്രിയോടെയാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ ആൽമരത്തിന്റെ ശാഖ പൊട്ടിവീണ് അപകടമുണ്ടായത്.

തൃശൂർ: തൃശൂർ പൂരത്തിനിടെ മരം വീണുണ്ടായ അപകടത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. കെഎഫ് ആർ ഐയിൽ നിന്നാണ് കലക്ടർ റിപ്പോർട്ട് തേടിയത്. പൊട്ടി വീണ മരത്തിന്റെ പഴക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാകലക്ടർ നിർദ്ദേശം നൽകിയത്. ഇന്നലെ അർധരാത്രിയോടെയാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ ആൽമരത്തിന്റെ ശാഖ പൊട്ടിവീണ് അപകടമുണ്ടായത്. രാത്രി വൈകിയുണ്ടായ ദുരന്തത്തിൽ രണ്ട് പേർ മരിച്ചു. തൃശൂർ പൂച്ചെട്ടി സ്വദേശി രമേശ് , പൂങ്കുന്നം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. 25 പേർക്ക് പരുക്കേറ്റു. 

ബ്രഹ്മസ്വം മഠത്തിന്റെ മുന്നിലുള്ള കൂറ്റൻ ആൽമരത്തിന്റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്. ഈ സമയം രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു. വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തിയ തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി. 

click me!