
തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
വാട്സ്ആപ്പിൽ സുഹൃത്തിന് മെസേജ് അയച്ച ശേഷം സന്ദീപ് ഡിലീറ്റ് ചെയ്തു എന്നാണ് വിവരം. ഈ സുഹൃത്ത് ആരാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം, പ്രതി പൊലീസിനെ ഫോണിൽ വിളിക്കുന്നതിന് മുമ്പ് രാത്രി രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. തന്നെ ചിലര്‍ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തിൽ സന്ദീപ് പറഞ്ഞത്. പ്രാഥമിക പരിശോധനയിൽ ഈ വീഡിയോ സന്ദേശം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തുന്ന സമരം തുടരുകയാണ്. അമിത ജോലിഭാരം, ആൾക്ഷാമം, ശോചനീയമായ ഹോസ്റ്റൽ സൗകര്യം എന്നിവ ഉയർത്തിയാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാനതലത്തിൽ കമ്മിഷൻ വെയ്ക്കണമെന്നാണ് അവശ്യം. സമരത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി ഇന്ന് മെഡിക്കൽ പി. ജി. അസോസിയേഷൻ, ഹൗസ് സർജൻ അസോസിയേഷൻ സംഘടനകളുമായി ചർച്ച നടത്തും. ഡോ.വന്ദനയുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ നടത്തി വന്ന
സമരം ഇന്നലെ പിൻവലിച്ചിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam