Latest Videos

D.Litt Controversy : സർക്കാരിനെ വിട്ട് ഗവർണർക്കെതിരെ വിഡി, രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി

By Web TeamFirst Published Jan 1, 2022, 1:44 PM IST
Highlights

ഗവർണറോടും സർക്കാറിനോടും ചോദ്യങ്ങൾ ഉണ്ടെങ്കിലും ഡി ലിറ്റ് വിവാദം ചെന്നിത്തല തുറന്ന് വിട്ടത് സർക്കാറിനെ വെട്ടിലാക്കാനായിരുന്നു. രാഷ്ട്രപതിയെ സംസ്ഥാന സർക്കാർ ഇടപെട്ട് അപമാനിച്ചെന്ന രീതിയിൽ ചർച്ചകൾ മുറുകുമ്പോഴാണ് വിമർശനം വി ഡി സതീശൻ ഗവർണറിലേക്ക് തിരിച്ചത്. 

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ് (D.Litt) നിഷേധിച്ചുവെന്ന വിവാദത്തിൽ സർക്കാറിനെതിരായ ചെന്നിത്തലയുടെ (Chennithala) ആക്ഷേപം ഏറ്റെടുക്കാതെ ഗവർണറെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ (V D Satheesan). രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ഗവർണ്ണ‌ർ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രശ്നമെന്താണെന്ന് ഗവർണ്ണർ വെളിപ്പെടുത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ദളിതനായ രാഷ്ടപ്രതിയെ സർക്കാർ അപമാനിച്ചുവെന്നാണ് ബിജെപി വിമർശനം. 

ഗവർണറോടും സർക്കാറിനോടും ചോദ്യങ്ങൾ ഉണ്ടെങ്കിലും ഡി ലിറ്റ് വിവാദം ചെന്നിത്തല തുറന്ന് വിട്ടത് സർക്കാറിനെ വെട്ടിലാക്കാനായിരുന്നു. രാഷ്ട്രപതിയെ സംസ്ഥാന സർക്കാർ ഇടപെട്ട് അപമാനിച്ചെന്ന രീതിയിൽ ചർച്ചകൾ മുറുകുമ്പോഴാണ് വിമർശനം വി ഡി സതീശൻ ഗവർണറിലേക്ക് തിരിച്ചത്. 

ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണര്‍ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും വി ഡി സതീശൻ പറഞ്ഞു. 
സർക്കാരിനെ വിട്ട് ഗവർണ്ണറെ സതീശൻ കടന്നാക്രമിച്ചതോടെ ചെന്നിത്തല വെട്ടിലായി, ഒപ്പം പ്രതിപക്ഷത്തെ അനൈക്യവും പ്രകടമായി. 

ഡി ലിറ്റ് വിവാദം ശക്തമാകുന്നത് സർക്കാരിന് രാഷ്ട്രീയ നേട്ടമാകുമെന്നതിനാലാണ് സതീശൻ ഗവർണ്ണറെ ലക്ഷ്യമിട്ടത്. ഡി ലിറ്റ് പ്രധാന വിഷയമായാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെൽ മുങ്ങിപ്പോകും. രാഷ്ട്രപതിയുടെ പേരിൽ സംസ്ഥാന സർക്കാർ - ബിജെപി പോര് കടുത്താൽ കോൺഗ്രസ്സിന് റോളില്ലാതാകുമെന്നും കണ്ടാണ് ഗവർണറെ സതീശൻ വിമർശിച്ചത്. പ്രശ്നം ഗവർണർ തുറന്ന് പറഞ്ഞാൽ രാഷ്ട്രീയമായി തിരിച്ചടിക്കാനാണ് സിപിഎം നീക്കം. ഗവർണർക്ക് മേൽ ബാഹ്യസമ്മർദ്ദമെന്ന പാർട്ടി നിലപാട് ഇത് വഴി ഒന്ന് കൂടി ആവർത്തിക്കാനാണ് ശ്രമം
 
ചെന്നിത്തലയുട ആക്ഷേപം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ബിജെപി. സർവകലാശാലകളിൽ സർക്കാരിൻ്റെ അനാവശ്യ ഇടപെടൽ ഉണ്ടാകുന്നുവെന്നും ദളിത് സ്നേഹം പ്രകടിപ്പിക്കുന്നവരാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും പറഞ്ഞ കേന്ദ്രമന്ത്രി ദളിതരോടുള്ള വിവേചന മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കൂട്ടിച്ചേർത്തു. 

 

വിവാദം മുറുകുമ്പോൾ ഗവർണർ തന്നെ കൂടുതൽ കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെനന്നാണ് സൂചന. 

click me!