
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവിയുടെ ഫെയ്സ്ബുക് പോസ്റ്റിനെതിരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ. ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത് തെറ്റായ കാര്യങ്ങളാണ്. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തിൽ നടന്നു. ഒരെണ്ണം യന്ത്രത്തകരാർ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോ ഹാരിസിൻ്റെ ഫെയ്സ്ബുക് പോസ്റ്റുകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിഎംഇ പറഞ്ഞത് ഇങ്ങനെ
'ഇന്നലെ യൂറോളജി വിഭാഗത്തിൽ നാല് ശസ്ത്രക്രിയകൾ ഉണ്ടായിരുന്നു. മൂന്നെണ്ണം നടന്നിട്ടുണ്ട്. ഒരെണ്ണം നടന്നില്ല, സാങ്കേതിക പ്രശ്നമാണ് ശസ്ത്രക്രിയ മാറ്റാൻ കാരണം. അടിയന്തര ശസ്ത്രക്രിയയല്ല മാറ്റിവെച്ചത്. മൂത്രക്കല്ല് പൊട്ടിച്ച് മാറ്റാനുള്ള ലിതോക്ലാസ്റ്റ് പ്രോബിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. ഡോ. ഹാരീസിൻ്റെ ആരോപണങ്ങൾ അന്വേഷിക്കാം. ഇതുവരെ ഡിഎംഇ തലത്തിൽ അദ്ദേഹത്തിൻ്റെ പരാതി കിട്ടിയിട്ടില്ല. ആദ്യമായാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെടുന്നത്. ആവശ്യത്തിന് അനുസരിച്ചാണ് ഉപകരണം വാങ്ങുന്നത്. ഫെബ്രുവരിയിൽ മൂന്നെണ്ണം വാങ്ങിയിരുന്നു. ജൂണിൽ പർച്ചസ് ഓർഡർ നല്കി. വിലവ്യത്യാസം വന്നതോടെ ഓർഡർ വീണ്ടും പരിശോധിച്ചു.
ഈ ഓർഡർ പ്രകാരം ഉപകരണങ്ങൾ എത്തിയിട്ടില്ല. അടുത്തയാഴ്ചയോടെ എത്തും. ഏപ്രിൽ വകുപ്പ് മേധാവി ഉപകാരങ്ങൾക്കായി റിക്വസ്റ്റ് നൽകി. പർച്ചേസ് ഓർഡർ നൽകുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. വകുപ്പ് മേധാവിയോട് വിശദീകരണം ചോദിക്കും. അദ്ദേഹത്തോട് ഫോണിൽ സംസാരിക്കാനായില്ല. ഫോൺ കോളുകൾ സ്വീകരിക്കുന്നില്ല. മനപൂർവം ആരോഗ്യവകിപ്പിനെ അപമാനിക്കാൻ പോസ്റ്റിട്ടു. ഏറ്റവും ഒടുവിൽ പർച്ചേസ് ഓർഡർ നൽകിയത് 19 നാണ്. അദ്ദേഹം മാത്രമാണ് പരാതി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് നല്ല കാര്യമെന്നും' മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ'
ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ഹാരീസ്, തന്നെ പിരിച്ചുവിട്ടോട്ടെയെന്നും വ്യക്തമാക്കി ഫെയ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാൽ ഈ പോസ്റ്റ് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. എന്നാൽ ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും ആരോഗ്യ വകുപ്പ് പ്രതികരിച്ചു. ഉപകരണങ്ങൾ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകൾ മാറ്റിയെന്ന് പറഞ്ഞ ഡോ. ഹാരീസ്, മകൻ്റെ പ്രായമുള്ള വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ലജ്ജയും നിരാശയും ഉണ്ടെന്നുമടക്കം നേരത്തെ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.