വയനാട് ഏറ്റുമുട്ടലില്‍ മരിച്ചത് വേല്‍മുരുകനോ? ഡിഎന്‍എ പരിശോധന , തെരച്ചില്‍ നാളെയും തുടരും

By Web TeamFirst Published Nov 3, 2020, 8:27 PM IST
Highlights

മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ട് പോയി. പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. ഏറ്റുമുട്ടലില്‍ ഒരാൾക്ക് പരിക്കേറ്റതായും വിവരം വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തതയില്ല

വയനാട്: പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയിൽ പൊലീസ് വെടിവെപ്പിൽ മരിച്ചത് വേൽമുരുകന്‍ തന്നെയാണോ  എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന. മധുര തേനി സ്വദേശി വേൽമുരുഗൻ (32) എന്നയാളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു തമിഴ്‍നാട് ക്യൂബ്രാഞ്ച് സ്ഥിരീകരണം. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ട് പോയി. പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. ഏറ്റുമുട്ടലില്‍ ഒരാൾക്ക് പരിക്കേറ്റതായും വിവരം വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക്ക് വിദഗ്ധ സംഘം പരിശോധന നടത്തും. നാളെയും തെരച്ചില്‍ നടത്തുമെന്ന് വയനാട് എസ്‍പി ജി പൂങ്കുഴലി പറഞ്ഞു. 

മീൻ മുട്ടി വെള്ളച്ചാട്ടത്തോട്  ചേർന്നുള്ള വാളാരം കുന്നിലാണ്  സംഭവം നടന്നത്. മാനന്തവാടി എസ്ഐ ബിജു ആന്‍റണിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആദ്യം മാവോയിസ്റ്റു സംഘം  വെടിവച്ചു എന്നാണ്  എഫ്ഐആർ. യൂണിഫോം ധരിച്ച മാവോയിസ്റ്റ് സംഘത്തിൽ അഞ്ചിലധികം പേരുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. 

രാവിലെ 9 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. അരമണിക്കൂറോളം  വെടിവെപ്പ് നീണ്ടുവെന്നും പൊലീസ് പറയുന്നു. പരസ്‍പരം വെടിവെച്ചതിന് ശേഷം പിന്നീട് സ്ഥിതി ശാന്തമായപ്പോള്‍  നടത്തിയ പരിശോധനയിലാണ്  വെടിയേറ്റ് നിലത്തു മരിച്ച് കിടക്കുന്ന നിലയിലൊരാളെ  കണ്ടതെന്നാണ് എഫ്ഐആറിലെ വിശദീകരണം. ഒരു റൈഫിളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. വെടിവെപ്പിൽ പരിക്കേറ്റയാളെ കണ്ടെത്താനായില്ല.  സബ് കളക്ടറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഏതാനും മാസങ്ങളായി വെള്ളമുണ്ട പടിഞ്ഞാറത്തറ വനമേഖലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. 


 

click me!