Latest Videos

ഡിഎൻഎ ഫലം വരട്ടെ, സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി: രക്തസാംപിൾ നൽകി

By Web TeamFirst Published Jul 30, 2019, 4:11 PM IST
Highlights

ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ വച്ചാണ് ബിനോയ് കോടിയേരി രക്തസാംപിൾ നൽകിയത്. ഇന്ന് തന്നെ രക്തസാംപിൾ നൽകണമെന്ന് ഹൈക്കോടതി ബിനോയ് കോടിയേരിയോട് നിർദേശിച്ചിരുന്നു. 

മുംബൈ: ഡിഎൻഎ പരിശോധനാ ഫലം വന്നാൽ എല്ലാ സത്യവും പുറത്തു വരുമെന്ന് ബിനോയ് കോടിയേരി. ഫലം വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കും. അതുവരെ കാത്തിരിക്കൂ എന്നും ബിനോയ് കോടിയേരി മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

ബിഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകിയ ശേഷമായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം. ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ വച്ചാണ് രക്തസാംപിൾ ശേഖരിച്ചത്. രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിന് അയച്ചു. 

ഡിഎൻഎ ഫലം വന്നാൽ രഹസ്യ രേഖ എന്ന നിലയിൽ ഇത് മുദ്ര വെച്ച കവറിൽ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാർക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.

നേരത്തേ മുൻ നിശ്ചയിച്ച ആശുപത്രിയിൽ നിന്ന് രക്തസാംപിൾ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്താൻ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ എത്താൻ നിർദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഹാജരായിരുന്നു.

എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ്‌ മുൻകൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. 

ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.

click me!