
കൊച്ചി: എൽഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയോഗത്തിൽ ലാത്തിച്ചാർജ്ജ് വിഷയം ചർച്ച ചെയ്തില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു. ഇത്തരം വിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലാണ് ഉന്നയിക്കുകയെന്നും പി രാജു അറിയിച്ചു. മാധ്യമങ്ങളുടെ ഗൂഢാലോചന മനസ്സിലാക്കാൻ സിപിഐയുടെ ചില നേതാക്കൾക്ക് കഴിയുന്നില്ലെന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗം ദിനേശ് മണിയുടെ പ്രസ്താവനയെക്കുറിച്ച് സമയമാകുമ്പോൾ പ്രതികരിക്കാമെന്നും പി രാജു പ്രതീകരിച്ചു.
ദിനേശ് മണി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നറിയില്ലെന്ന് പറഞ്ഞ പി രാജു, എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞുവെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടുവെന്നും പറഞ്ഞു. എറണാകുളം എളങ്കുന്നപ്പുഴയിൽ നടന്ന സിപിഎം വിശദീകരണ യോഗത്തിലായിരുന്നു ദിനേശ് മണിയുടെ പ്രസംഗം.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു.
സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും എംഎൽഎയ്ക്ക് മർദ്ദനമേൽക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എറണാകുളം ജില്ലാ കളക്ടർ മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പാകെ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. വീട്ടിലിരുന്ന എംഎല്‍എയെ അല്ല, സമരത്തിന് പോയ എംഎൽഎയെ ആണ് പൊലീസ് മര്‍ദ്ദിച്ചതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണവും വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam