
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി എ ആയി നിയമിക്കാൻ കത്ത് നൽകിയ രമ്യ ഹരിദാസ് എം എൽ എയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കറുടെ ഓഫീസിനെ സംശയത്തിൽ ആക്കുന്ന ഇടപെടൽ അംഗീകരിക്കില്ലെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. സ്പീക്കറുടെ ഓഫീസിന്‍റെ ഇൻഡിപെൻഡൻസിനെ ചോദ്യം ചെയ്യാൻ പാടില്ല. വിവാദത്തിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കരുത്. നിയമപരമായ പരിഹാരം ഉണ്ടാക്കുന്നതിന് മറ്റു മാർഗ്ഗങ്ങളുണ്ട്. സ്പീക്കറുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഒന്നുമുണ്ടാകരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. രമ്യ ഹരിദാസ് നൽകിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. സ്പീക്കർ ഓഫീസ് കക്ഷി അല്ലാതിരുന്നിട്ടും കക്ഷി ആക്കാൻ ശ്രമിക്കരുത്. രമ്യയോട് സംസാരിച്ചെന്നും ഇക്കാര്യത്തിൽ ശക്തമായ നിലപാടാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴ് കയ്യാങ്കളിയുടെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എം എൽ എ. 21-5 മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാൽ കത്ത് ഓഫീസിലേൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് രംഗത്തെത്തി. പാളയം പ്രദീപിനെ, അഡീഷണൽ പി എ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല എന്നതാണ് കെ പി സി സിയുടെ നിലപാട്. രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെ പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന കെ പി സി സി സമിതി അധ്യക്ഷൻ എ എം ഹസ്സൻ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യും. ചിറയിൻകീഴിലെ വിഷയം പാർട്ടിക്ക് സൽപേരല്ല ഉണ്ടാക്കിയിട്ടുള്ളതെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. ചിറയിൻകീഴ് സംഘർഷത്തിന് ശേഷമാണ് പ്രദിപിന് വേണ്ടി രമ്യ കത്ത് നൽകിയതെങ്കിൽ അത് ശരിയല്ലെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam