ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കരുത്; സ്കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

By Web TeamFirst Published Nov 22, 2019, 7:29 PM IST
Highlights

നവംബര്‍ 30 ന് മുൻപ് എല്ലാ സ്കൂളുകളിലും പിടിഎ മീറ്റിംഗ് വിളിച്ചു ചേർത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുൻകരുതൽ എടുക്കണം

ബത്തേരി: വയനാട്ടിൽ വിദ്യാർത്ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ദാരുണസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് വിദ്യാലയങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. നവംബര്‍ 30 ന് മുൻപ് എല്ലാ സ്കൂളുകളിലും പിടിഎ മീറ്റിംഗ് വിളിച്ചു ചേർത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുൻകരുതൽ എടുക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

സ്കൂളുകളിൽ  ദ്വാരങ്ങളോ വിളളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം 5 ന് മുൻപ് അടയ്ക്കണം, ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്, സ്കൂൾ പരിസരങ്ങളിലെ പാഴ്ച്ചെടികളും പടർപ്പുകളും വെട്ടിമാറ്റാൻ നടപടിയെടുക്കണം എന്നിവ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളാണ്. 

ഇതോടൊപ്പം ശുചിമുറികളിൽ വെളിച്ചം ഉറപ്പാക്കണമെന്നും സ്കൂൾ പരിസരത്ത് പാഴ് വസ്തുക്കൾ കൂട്ടിയിട്ടിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യാനും വിദ്യാർത്ഥികൾക്ക് ചെറിയ അസ്വസ്ഥത ഉണ്ടായാൽ പോലും ജാഗ്രതയോടെ വൈദ്യസഹായത്തിനുളള നടപടി എടുക്കാനും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നടപ്പാക്കിയ കാര്യങ്ങളുടെ പുരോഗതി ഡിസംബർ 10ന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാനും വിദ്യാലയങ്ങള്‍ക്ക് നിർദ്ദേശം നൽകി. 

click me!