
തിരുവനന്തപുരം: സ്പൈനല്‍ മസ്കുലർ അട്രോഫി (എസ്എംഎ) മരുന്ന് വിവാദത്തെ വിമർശിച്ച് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രി. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കരുതെന്ന് എസ് എ ടി ആശുപത്രി അഭ്യർത്ഥിച്ചു. തെറ്റായ പ്രചാരണം നടത്തി എസ് എം എ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിൽ ആക്കരുത്. ആശുപത്രിയുടെ പ്രവർത്തനങ്ങളെ തുരങ്കം വെക്കരുത്. ഇന്ത്യൻ നിർമ്മിത മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണെന്ന് എസ് എ ടി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇന്ത്യൻ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം മുൻ സർക്കാരിന്‍റെ കാലത്ത് തുടങ്ങിയതാണെന്ന് സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം മുതലാണ് എസ്എംഎ ക്ലിനിക്കുകളിലൂടെ ഇന്ത്യൻ നിര്‍മിതമായ പുതിയ മരുന്ന് ആരോഗ്യ വകുപ്പ് വിതരണം ചെയ്ത് തുടങ്ങിയത്. ഇന്ത്യൻ മരുന്നിലെ കവറില്‍ ഡോക്ടേഴ്സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിരുന്നത് രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാക്കി. പുതിയ മരുന്നിന്‍റെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു .
രക്ഷിതാക്കളുടെ ആശങ്ക പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഏറ്റെടുക്കുകയുണ്ടായി. പരീക്ഷണ ലേബലുള്ള മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കിയെന്നത് നിസ്സാരമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ വച്ച് ചൂതാടുകയാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് എസ്എംഎ ക്ലിനിക്കുള്ള തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ സൂപ്രണ്ട് പ്രതികരിച്ചു. രാജ്യത്ത് വേണ്ട എല്ലാ അംഗീകാരവും പുതിയ മരുന്നിനുണ്ട്. കുറഞ്ഞ വിലയുള്ള മരുന്ന് കൂടുതല്‍ കുട്ടികള്‍ക്ക് ചികിത്സ കിട്ടാൻ സഹായിക്കും. സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർത്ഥ മരുന്നും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam