
കോഴിക്കോട്: താമരശ്ശേരിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ സനൂപിന്‍റെ മകൾ അനയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ്. രാസ പരിശോധനാ ഫലം വൈകുന്നതാണ് കാരണമെന്ന് താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കി ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.
അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന തരത്തിൽ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നു താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു. കുട്ടി മരിക്കാൻ കാരണം അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് കണ്ടെത്തിയില്ലെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതെന്ന് സനൂപിന്റെ ഭാര്യ രംബീസ ഇന്നലെ പറഞ്ഞിരുന്നു.
അനയയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനെ സനൂപ് വെട്ടിയത്. മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. രണ്ട് മക്കളുമായാണ് സനൂപ് ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് വന്നത്. രണ്ട് കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിന്‍റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാൾ ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. ഡോക്ടര്‍ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിപിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, സംഭവത്തിൽ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്‍റെ പ്രതികരണം. ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്‍റെ പ്രതികരണം. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam