
വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.
പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.
ഡോക്ടറുടെ തലയ്ക്ക് ഗുരുതരമയ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറയുന്നത്. വളരെ പെട്ടെന്നുള്ള ആക്രമണമായിരുന്നു. എന്‍റെ മകളെ കൊന്നവനല്ലെ എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടറെ വെട്ടിയതെന്നും ഡോക്ടറുടെ തലയില്‍ ഗുരുതരമായി മുറിവുണ്ട് എന്നും ഇയാൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam