
പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിന്‍റെ പാർശ്വഫലം മൂലം വയോധിക മരിച്ചെന്ന് ആരോപണം. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂർ സ്വദേശിക്ക് കാൻസറിന്‍റെ മരുന്ന് നൽകിയെന്ന ഗുരുതര ആരോപണമാണ് ആശുപത്രിക്കെതിരെ ഉയരുന്നത്. പരാതി നൽകി ഒരുവർഷമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് മരിച്ച പഴമ്പാലക്കോട് സ്വദേശി സാവിത്രിയുടെ കുടുംബം പറയുന്നു.
പ്രസവത്തോടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രിയിൽ നിന്നുള്ള ദുരനുഭവങ്ങൾ പറഞ്ഞ് നിരവധിപേരാണ് രംഗത്ത് വരുന്നത്. 2021 ഫെബ്രുവരി 5 നാണ് നടുവേദനയെ തുടർന്ന് പഴമ്പാലക്കോട് സ്വദേശി സാവിത്രിയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ സാവിത്രിക്ക് മരുന്ന് മാറി നൽകി. ഇതോടെ ശരീരം മുഴുവൻ പുണ്ണ് വന്ന് അത്യാഹിതത്തിലായി. നടുവേദനയ്ക്ക് നൽകിയത് ക്യാൻസറിനുള്ള മരുന്നായിരുന്നുവെന്ന് പിന്നീട് മറ്റൊരു ആശുപത്രിയിൽ നിന്നാണ് വ്യക്തമായത്. ഇതോടെ കുടുംബം കേസുമായി മുന്നോട്ട് പോയപ്പോൾ തങ്കം ആശുപത്രി അധികൃതർ ഒത്തു തീർപ്പിന് ശ്രമിച്ചുവെന്നും മരിച്ച സാവിത്രിയുടെ ഭർത്താവ് മോഹനൻ പറയുന്നു.
മരുന്ന് മാറി നൽകിയതോടെ ശരീരം മുഴുവൻ പുണ്ണ് വന്നു. രക്തം വന്നു. ആഹാരം കഴിക്കാൻ പറ്റാതെയായി. ഒടുവിൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് മരുന്ന് മാറി നൽകിയെന്ന വിവരം കുടുംബത്തിന് ലഭിച്ചത്. മെത്തോട്രെക്സേറ്റ് എന്ന മരുന്നിനെ കുറിച്ചും പാർശ്വഫലത്തെ കുറിച്ചും ചികിത്സിച്ച ഡോക്ടറോട് കുടുംബം വിവരം തിരക്കിയപ്പോൾ പത്തുപേർക്ക് ഈ മരുന്ന് കൊടുക്കുമ്പോൾ അവരിൽ അഞ്ചുപേര് ജീവിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്യും. ഞങ്ങൾ എന്താണ് ചെയ്യുകയെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. നിയമപോരാട്ടം തുടങ്ങിയതോടെ, തങ്കം ആശുപത്രി ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും എന്തെങ്കിലും തന്ന് കോംപ്രൈമൈസ് ആക്കാം എന്ന് പറഞ്ഞുവെന്നും ബന്ധുക്കൾ പറയുന്നു. ഈ കേസ് കൺസ്യൂമർ കോടതിയുടെ പരിഗണയിലാണെന്നും വിശദമായി പരിശോധിച്ച് പ്രതികരിക്കാമെന്നുമാണ് ആശുപത്രി മാനേജ്മെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam