രാജ്‍കുമാറിന് ആംബുലന്‍സില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റിയിരുന്നില്ലെന്ന് ഡോക്ടർ

By Web TeamFirst Published Jul 8, 2019, 11:56 AM IST
Highlights

എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന രാജ്‍കുമാറിനെ ഉടനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ പറഞ്ഞതായും ഡോക്ടര്‍.

ഇടുക്കി: ആശുപത്രിയില്‍ രാജ്‍കുമാറിനെ എത്തിച്ചത് അവശനിലയിലെന്ന് പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ആനന്ദ്. ജയില്‍ ആംബുലന്‍സില്‍ നിന്ന് രാജ്‍കുമാറിന് ഇറങ്ങാന്‍ പറ്റിയിരുന്നില്ല. ഡോക്ടര്‍ ആംബുലന്‍സില്‍ പോയാണ് രാജ്‍കുമാറിനെ കണ്ടത്. എക്സ്റെ എടുത്തപ്പോൾ കാൽ വിരലിൽ പൊട്ടൽ ഉണ്ടായിരുന്നു. എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന രാജ്‍കുമാറിനെ ഉടനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കൊണ്ടുപോയോ എന്നറിയില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 

രാജ്‍കുമാറിന്‍റെ മരണത്തില്‍  ജയിലധികൃതരുടെ ഭാഗത്തെ വീഴ്ച വ്യക്തമാക്കുന്ന രേഖകള്‍ നേരത്തേ പുറത്തുവന്നിരുന്നു. രാജ്‍കുമാറിന് പീരുമേട് ജയില്‍ അധികൃതര്‍ വിദഗ്‍ധ ചികിത്സ നൽകിയില്ലെന്നതിന്‍റെ രേഖകളാണത്. രാജ്‍കുമാറിന്‍റെ തുടയിലും കാലിലും വേദനയും കടുത്ത നീരുമുണ്ടെന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ ആശുപത്രി രേഖകളില്‍ വ്യക്തമാണ്. അതേ ദിവസം തന്നെ ആശുപത്രിയിലെ ഓർത്തോ വിഭാഗവും രാജ്‍കുമാറിനെ പരിശോധിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നിട്ടും രാജ്‍കുമാറിനെ പരിശോധനക്ക് ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
 

click me!