ആന്‍റോ ആന്‍റണിഎംപിതെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസിന്‍റെ ആരോപണത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത്
പത്തനംതിട്ട: ആന്‍റോ ആന്‍റണിഎംപിതെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസിന്‍റെ ആരോപണത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത്. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയശേഷം കബളിപ്പിച്ചു എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയായ രാജു. എന്നാല്‍ ആരോപണത്തിൽ ഇനി കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നാണ് ആന്‍റോ ആന്‍റണി പറയുന്നത്. രാജു നിയമപരമായി നീങ്ങട്ടെ എന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് ആന്‍റോ ആന്‍റണി. ഇപ്പോൾ രാജു രംഗത്തുവന്നതിന് പിന്നിൽ സ്വന്തം പാർട്ടിയിലെ ചിലരും ഉണ്ടെന്ന സംശയവും അദ്ദേഹത്തിനുണ്ടെന്നാണ് വിവരം. ആന്‍റോ ആന്‍റണി 2019 തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്ത് പല തവണ വന്നിരുന്നെന്നും, പ്രചരണത്തിന്‍റെ ഭാഗമായി 2 കോടി രൂപ പലിശക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞത്. വർഷം 7 കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും കഴിഞ്ഞ ദിവസം എൻ എം രാജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
നിക്ഷേപകരിൽ നിന്ന് കൈപ്പറ്റി ഭൂമി വാങ്ങി
നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു വർഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, അന്വേഷണത്തിന്‍റെ ഭാഗമായി സ്ഥാപനത്തിന്‍റെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻഎം രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പൊലീസ് കേസുകൾ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2014 മേയ് ഏഴിന് സ്ഥാപനയുടമ എൻ.എം.രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അന്വേഷണം തുടരുന്നു
2024 ജൂലൈ മുതൽ ഈ തട്ടിപ്പിൽ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോൾ അദ്ദേഹം പരാതിപോലും നൽകിയില്ലെന്നും ആയിരുന്നു ആരോപണം. ഇതിൽ വ്യക്തത വരുത്താൻവ്യാഴാഴ്ച ഇവിടെ ഇഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.



