മാസ്ക് ഇട്ടവനും 2000 രൂപ പിഴ! സത്യത്തിൽ പൊലീസിന് ടാർജറ്റ് ഉണ്ടോ? ഈ പണം പോകുന്നതെങ്ങോട്ട്?

By Kiran GangadharanFirst Published Aug 3, 2021, 7:50 PM IST
Highlights

പൊലീസിന്റെ പിഴ ജനത്തിന് ഇരട്ട പ്രഹരമാവുകയാണ്. ഇങ്ങിനെ പിഴയടപ്പിക്കാൻ പൊലീസ് പണിപ്പെടുന്നത് എന്തിനാണ്? പൊലീസിന് ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ടോ? എങ്ങോട്ടാണ് ഈ പണം പോകുന്നത്?

തിരുവനന്തപുരം: ബാങ്കിന് മുന്നിൽ ക്യൂ നിന്ന സ്ത്രീക്കും അത് ചോദ്യം ചെയ്ത പെൺകുട്ടിക്കും പിഴ. ഹെൽമെറ്റ് ഇടാതെ വന്നയാൾക്ക് മാസ്ക് ഇല്ലെന്ന കാരണത്തിൽ പിഴ. കൊറോണ കാലത്ത് പൊലീസ് ചുമത്തിയ പിഴ രശീതികൾ കൊണ്ട് മാലയണിഞ്ഞുള്ള പ്രതിഷേധത്തിനും കേരളം സാക്ഷിയായി. അങ്ങിനെ പൊലീസ് നടപടിയിൽ സർവ്വത്ര പരാതികളാണ്. മീൻകുട്ട തട്ടിയിട്ടതും കൈയ്യേറ്റം ചെയ്തതുമായുള്ള സംഭവങ്ങളും 'എടാ പോടാ' വിളികളും വേറെ.

കൊവിഡ് കാലമായതിനാൽ തന്നെ പണിയില്ലാതെ കഷ്ടപ്പെടുന്നവരാണ് കേരളത്തിലുള്ളത്. ഇന്ധന വില കുത്തനെ ഉയരുന്നത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഈ സമയത്ത് പൊലീസിന്റെ പിഴ കൂടിയാകുമ്പോൾ ജനം പൊറുതിമുട്ടുകയാണ്. ഇങ്ങിനെ പിഴയടപ്പിക്കാൻ പൊലീസ് പണിപ്പെടുന്നത് എന്തിനാണ്? പൊലീസിന് ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ടോ? എങ്ങോട്ടാണ് ഈ പണം പോകുന്നത്? - ഇങ്ങിനെ നിരവധി ചോദ്യങ്ങളുണ്ട്.

പൊലീസിന് ടാർജറ്റ് ഉണ്ടെന്നും ഇല്ലെന്നും പറയാം, രണ്ടും ശരിയാണ്. അതെങ്ങിനെയെന്നല്ലേ. ഔദ്യോഗികമായ ഉത്തരവോ സർക്കുലറോ ഇതുമായി ബന്ധപ്പെട്ട് പൊലീസ് സേനയ്ക്ക് അകത്തോ പുറത്തോ ഇല്ലെന്നതാണ് ടാർജറ്റ് ഇല്ലെന്ന് പറയാൻ കാരണം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ വൈ നസീറുദ്ദീന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു - 'ആരാണ് ഈ അസംബന്ധമൊക്കെ പറയുന്നത്? ടാർജറ്റ് എന്നൊരു കാര്യമേ പൊലീസിൽ ഇല്ല,' അദ്ദേഹം പറഞ്ഞു.

കേരള പൊലീസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായി കാസർകോട് പ്രവർത്തിക്കുന്ന രതീഷ് കുമാറും ഇതേ വാദക്കാരനായിരുന്നു. 'ടാർജറ്റൊന്നും പൊലീസിൽ ഇല്ല. കൊവിഡ് നിയമ ലംഘനങ്ങൾക്കെതിരെ പൊലീസ് നടപടി കർശനമാക്കുന്നുവെന്ന് പറയുമ്പോൾ പരാതികൾ കൂടും. അത്രമാത്രമേയുള്ളൂ.'- അദ്ദേഹം പറഞ്ഞു. എന്നാൽ കോഴിക്കോട് ജോലി ചെയ്യുന്ന ഒരു പൊലീസുകാരൻ പറഞ്ഞത് മറ്റൊന്നാണ്. 'ചില ദിവസങ്ങളിൽ പത്തോ ഇരുപതോ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാവും മേലുദ്യോഗസ്ഥരുടെ അറിയിപ്പ്. ചിലപ്പോഴിത് 50 വരെയൊക്കെയാവും. എസ്എച്ച്ഒമാർക്കാണ് നിർദ്ദേശം കിട്ടുക. അനൗദ്യോഗികമായാണ് ഇത്തരം ഉത്തരവുകൾ വരുന്നത്.' അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

മാസ്ക് ധരിക്കാത്ത നിശ്ചിത എണ്ണം കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്നത് ഇങ്ങിനെ രജിസ്റ്റർ ചെയ്യുന്ന കേസുകളാണെന്നാണ് രതീഷും വ്യക്തമാക്കിയത്. 'മാസ്ക് എല്ലാവരും ധരിക്കുന്നുണ്ടല്ലോ, മാസ്ക് ധരിക്കാത്തവരെ കിട്ടാതെ വരുമ്പോൾ ചിലപ്പോൾ ഹെൽമറ്റ് ഇടാതെ വരുന്നവർക്ക് മാസ്ക് ഇട്ടില്ലെന്ന കാരണത്തിൽ പിഴയടപ്പിക്കുന്നുണ്ടാവും,' രതീഷ് പറഞ്ഞു.

പിഴപ്പണം പോകുന്നത് എങ്ങോട്ട്?

ഒരു ദിവസം പത്ത് പേരിൽ നിന്നെന്ന കണക്കിൽ ഒരു പൊലീസ് സ്റ്റേഷനിൽ രണ്ടായിരം രൂപ വീതം പിരിച്ചാൽ, ഒരു മാസം കൊണ്ട് 600000 വരെ പിഴയായി പിരിച്ചെടുക്കുന്നുണ്ടാകുമെന്ന് അനുമാനിക്കാമെന്ന് കോഴിക്കോട് ജില്ലയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പൊലീസുകാരൻ പറഞ്ഞു. ഈ പണമൊന്നും പൊലീസുകാർ സ്വന്തം ചെലവിനായി ഉപയോഗിക്കുന്നതല്ല. ഇതെല്ലാം ട്രഷറിയിലെ അക്കൗണ്ടിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്. എന്നുവെച്ചാൽ ഒരു രൂപ പോലും കുറയാതെ തുക നേരിട്ട് സർക്കാർ ഖജനാവിലേക്ക് എത്തുന്നുവെന്ന് അർത്ഥം. നിയമപരമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചാൽ കീശ കാലിയാവാതെ സൂക്ഷിക്കാമെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!