പൊലീസിന് മൊബൈൽ ഫോൺ പരിശോധിക്കാമോ? - 'അത് പിടിച്ചുനിർത്തി അടിവസ്ത്രം അഴിക്കുംപോലെ'

By Kiran GangadharanFirst Published Aug 3, 2021, 7:37 PM IST
Highlights

അതുകൊണ്ടുതന്നെ മലപ്പുറം ട്രാഫിക് എസ്ഐ ഇന്ദുറാണിയുടെയും സഹപ്രവർത്തകരുടെയും നടപടി മൗലികാവകാശ ലംഘനമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാവും

തിരുവനന്തപുരം: മലപ്പുറത്ത് ഇൻഷുറൻസ് ഇല്ലാത്ത ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് സംഘത്തെ നാട്ടുകാർ വളഞ്ഞിട്ട് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പറന്നുനടക്കുകയാണ്. പൊലീസിന് ആരാണ് ഇതിന് അധികാരം കൊടുത്തത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. സത്യത്തിൽ പൊലീസിന് ഇങ്ങിനെയൊരധികാരം ഉണ്ടോ? ഏതൊക്കെ സാഹചര്യങ്ങളിൽ പൊലീസിന് മൊബൈൽ ഫോൺ പിടിച്ചെടുക്കാം എന്നെല്ലാമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഇൻഷുറൻസ് രേഖയും മൊബൈൽ ഫോണും തമ്മിൽ ഒരു ബന്ധവുമില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അത്തരമൊരു സാഹചര്യത്തിൽ ഒരാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കാനോ, പരിശോധിക്കാനോ പൊലീസിന് യാതൊരു അധികാരവുമില്ല. ഇത് പൗരന്റെ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റവുമാണ്. എന്നാൽ പൊലീസിന് തീർത്തും പരിശോധിക്കാൻ സാധിക്കാത്തതല്ല ഒരാളുടെ മൊബൈൽ ഫോൺ.

എന്നാൽ വാഹന പരിശോധനക്കിടെ ഒരാളുടെ ഫോൺ പിടിച്ചെടുക്കാൻ പൊലീസിന് അനുവാദം ഇല്ലെന്നാണ് തിരുവനന്തപുരത്തെ അഭിഭാഷകൻ അജിത് ശാസ്തമംഗലം വ്യക്തമാക്കിയത്. 'വഴിയിൽ കാണുന്ന ഒരുവന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുന്നത് അടിവസ്ത്രം അഴിക്കുന്നത് പോലെയാണ്ട്' - അദ്ദേഹം പറഞ്ഞു.

മലപ്പുറം ട്രാഫിക് എസ്ഐ ഇന്ദുറാണിയുടെയും സഹപ്രവർത്തകരുടെയും നടപടി മൗലികാവകാശ ലംഘനമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൊലീസിന് മൊബൈൽ ഫോൺ പിടിച്ചെടുക്കാനും പരിശോധിക്കാനും നിയമപരമായ അധികാരം ഉള്ള ചില സന്ദർഭങ്ങൾ കൂടിയുണ്ട്. 'ഒരു കേസിൽ പ്രതിയാക്കപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കോടതി അനുമതിയോടെ അദ്ദേഹത്തിന്റെ ഫോൺ കസ്റ്റഡിയിലെടുക്കാനാവും,' - അഡ്വ അജിത് പറഞ്ഞു.

'ഒരു സിനിമയുടെ പൈറസിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സംശയിക്കപ്പെടുന്ന വ്യക്തിയുടെ ഫോൺ കോടതിയുടെ അനുമതിയില്ലാതെ തന്നെ പൊലീസിന് പരിശോധിക്കാവുന്നതാണ്,' എന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ പിജെ പോൾസൺ പറയുന്നു. 'ഇതുപോലെ ഒരു വ്യക്തിയെ ഒരു കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ടെങ്കിൽ അയാളുടെ ഫോൺ പരിശോധിക്കേണ്ടതുണ്ടെങ്കിൽ പൊലീസിന് അത് ചെയ്യാവുന്നതാണ്. എന്നാൽ ഫോൺ പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിലെടുക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം,' എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നിയമങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുകയെന്നത് പൗരന്റെ ഉത്തരവാദിത്തമാണ്. നിയമലംഘനങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിച്ചാൽ പ്രശ്നങ്ങളിൽ നിന്ന് അകന്നുനിൽക്കാനാവും. ഫോൺ ഉപയോഗിക്കുമ്പോൾ റിലീസ് ചെയ്ത ഉടൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് അടക്കമുള്ള കുറ്റകരമായ പ്രവർത്തികളിൽ നിന്ന് മാറിനിൽക്കാൻ പൗരന്മാർ സൂക്ഷിക്കണം. അല്ലെങ്കിൽ അനധികൃതമായി പിടിച്ചെടുക്കുന്നതായാലും ഫോണിൽ കുറ്റകരമായ ഉള്ളടക്കം കണ്ടാൽ പൊലീസിന് വ്യക്തിയെ കോടതി കയറ്റുക എളുപ്പമാണെന്നും അഡ്വ പോൾസൺ അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!