
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉമ്മൻചാണ്ടി. കസ്റ്റംസിന്റേത് ഗുരുതരമായ ആക്ഷേപമാണെന്ന് പറഞ്ഞ ഉമ്മൻചാണ്ടി വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മുമ്പൊരിക്കലും കേൾക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ നൽകിയ അഫിഡവിറ്റിൽ ഉള്ളതെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി കസ്റ്റംസിന്റെ നിലപാടിലും സംശയം പ്രകടിപ്പിച്ചു.
164 പ്രകാരമുള്ള ഒരു മൊഴി എങ്ങനെയാണ് ഇത്രയും ദിവസമായിട്ടും പുറത്ത് വരാതിരുന്നതെന്നാണ് ഉമ്മൻചാണ്ടി ചോദിക്കുന്നത്. രണ്ട് മാസം കഴിഞ്ഞാണ് ഈ മൊഴി പുറത്ത് വരുന്നതെന്നും ഇത്രയും കാലം ഇതിൽ നടപടി എടുക്കാതിരുന്നതെന്ന് എന്ത് കൊണ്ടാണെന്നും ചോദിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് സംഭവത്തിൽ അടിയന്തരമായി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർനടപടികളാണ് ഉമ്മൻചാണ്ടി കേസിൽ ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും പ്രതികരണമുണ്ടാകാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിൻ്റെ രഹസ്യ മൊഴിയിൽ പറയുന്നത്. സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോൺസുലർ ജനറലിനും സ്പീക്കർക്കുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
കോണ്‍സുലര്‍ ജനറലിൻ്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിന് രൂപ കമ്മിഷൻ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയിൽ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന ഡോളർ കടത്ത് കേസിലെ രഹസ്യമൊഴി സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവിൽ ബിജെപിക്ക് സമനില തെറ്റിയതിൻറെ തെളിവാണ് സത്യവാങ്മൂലമെന്നാണ് സിപിഎം ആക്ഷേപം. കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് മാർച്ച് പ്രഖ്യാപിച്ച് എൽഡിഎഫ് രാഷ്ട്രീയമായി നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് നിലപാട് കടുപ്പിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam