വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് സരിന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സരിന്‍റെ പ്രതികരണം.
സിവിൽ സർവ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയവഴി സ്വീകരിച്ചയാളാണ് ഡോ. പി സരിൻ. 2007-ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ സരിൻ 2008- ലാണ് ആദ്യമായി സിവില്‍ സർവീസ് പരീക്ഷ എഴുതുന്നത്. അന്ന് 555-ാം റാങ്ക് നേടിയ സരിന്‍ ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസസിലേക്കാണ് ജോലിയില്‍ പ്രവേശിച്ചത്. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാല് വര്‍ഷം കർണ്ണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സരിന്‍ സേവനമനുഷ്ഠിച്ചു. 2016-ലാണ് സരിന്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയത്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് സരിന്‍ എല്‍ഡിഎഫിലേക്ക് എത്തി.
ഇപ്പോഴിതാ നിലവിലെ രാഷ്ട്രീയ സാഹചര്യവും തന്‍റെ വ്യക്തി രാഷ്ട്രീയവും വ്യക്തമാക്കുന്നതിനിടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമോ എന്ന് ചോദ്യത്തിനും മറുപടി പറയുകയാണ് സരിന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സരിന്‍റെ പ്രതികരണം. സരിൻ ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന സൂചനകള്‍ നില്‍നില്‍ക്കേ ആദ്യമായാണ് സരിന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.
ഒറ്റപ്പാലത്ത് സരിനോ സ്ഥാനാര്‍ഥി?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ അല്ല. പ്രത്യേക മുഖങ്ങൾ എന്ന് പറയുന്നത് സിപിഎം മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയത്തിന്‍റെ ഭാഗമല്ല. സിപിഎമ്മിന് നയങ്ങളും നിലപാടുകളുമേ ഉള്ളൂ. അത് പാര്‍ട്ടിയിലെ എല്ലാ മുഖങ്ങള്‍ക്കും ഒരുപോലെയാണ്. ജനങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ ആത്മാർഥമായി ഇടപെട്ട് പരിഹാരം കാണാനുള്ള രാഷ്ട്രീയ സിദ്ധാന്തമാണ് സിപിഎം മുന്നോട്ടുവെക്കുന്നത്. പാലക്കാട് ജില്ലയില്‍ സിപിഎമ്മിന്‍റെ നേതൃനിരയില്‍ ഒരുപാട് പേരുണ്ട്. ഞാൻ കഴിഞ്ഞ ഒരു വർഷം മാത്രമായി ഈ പാർട്ടിയിലുള്ള, എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്‌തുവരുന്ന ഒരാൾ മാത്രമാണ്. ഈ പാർട്ടിയും മുന്നണിയും (എല്‍ഡിഎഫ്) തീരുമാനിക്കുന്ന സ്ഥാനാർഥികൾ 140 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കും. ഈ പാര്‍ട്ടിയെയും മുന്നണിയെയും സ്നേഹിക്കുന്ന എല്ലാവരും കൂടി ചേർന്നാണ് ആ 140 പേരെയും മത്സരിപ്പിക്കുന്നതും ജയിപ്പിക്കുന്നതും. സ്ഥാനാർത്ഥിയാവുക എന്ന പ്രയോഗം എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. എൽഡിഎഫ് ഒരാളെ സ്ഥാനാർഥിയാക്കുകയാണ് ചെയ്യുക. അതാണ് നമ്മൾ ഉൾക്കൊള്ളേണ്ടത്.
പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കുമല്ലേ?
ഞാന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നതൊന്നും ഇപ്പോള്‍ ഒരു വിഷയമേ അല്ല. എന്നെ സംബന്ധിച്ചിടത്തോളം, എന്നെ കുറിച്ച് എന്‍റെ പാർട്ടിക്ക് ഒരു വിലയിരുത്തലുണ്ട്. അതുകൊണ്ടുതന്നെ സരിനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് തീരുമാനിക്കേണ്ടതും പാര്‍ട്ടിയാണ്. പാർട്ടി ഉത്തരവാദിത്വങ്ങൾ തരുന്ന സമയത്ത് അത് നിർവഹിക്കുക എന്നുള്ളത് മാത്രമാണ് ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്‍റെ ദൗത്യം എന്നാണ് എനിക്കുള്ള ബോധ്യം.
പാലക്കാട് മറ്റ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ് പ്രതീക്ഷ...
12 നിയമസഭ മണ്ഡലങ്ങളുള്ള പാലക്കാട് ജില്ലയിലെ 52 പഞ്ചായത്തുകളിൽ മുൻതൂക്കമുള്ള മുന്നണിയാണ് എൽഡിഎഫ്. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഏറ്റെന്ന് പലരും പറയുന്ന 'സോ കോൾഡ്' തിരിച്ചടി വെറുമൊരു സൃഷ്‌ടിയാണെന്ന് ആദ്യമേ പറയാം. പാലക്കാട് ജില്ല എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ ഒരു കാരണമുണ്ട്. മനുഷ്യരോടൊപ്പം, സാധാരണക്കാരോടൊപ്പം, മധ്യവർഗ്ഗക്കാരോടൊപ്പം ഒക്കെ നിന്ന് സമൂഹത്തിൽ സ്ഥിതിസമത്വം ഉണ്ടാകണമെന്ന് വാദിച്ചത് ഇടതുപക്ഷമാണ്. അതിനാല്‍, പാലക്കാടൻ മണ്ണില്‍ എക്കാലവും ഇടതുപക്ഷം മാത്രമേയുള്ളൂ. പാലക്കാട് ജില്ലയില്‍ 10 സീറ്റിലാണ് ഇടതുപക്ഷം ജയിച്ചിരിക്കുന്നത്. രണ്ട് സീറ്റുകളാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അതിലൊന്ന് ലീഗ് വിജയിച്ച മണ്ണാര്‍ക്കാട് ആണ്. മറ്റൊന്ന് കോൺഗ്രസിന്‍റെ കയ്യിലുള്ള പാലക്കാട് നിയമസഭാ സീറ്റും. ഈ രണ്ട് സീറ്റുകളിലും വരും നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനിർണായകമായ നീക്കം എൽഡിഎഫിന്‍റെ ഭാഗത്തുനിന്നുണ്ടാകും. ഈ രണ്ട് സീറ്റുകളും കൂടി തിരിച്ചുപിടിക്കാനുള്ള വഴികൾ നോക്കുന്ന, 10 സീറ്റുകൾ നിലനിർത്താൻ സാധിക്കുമെന്ന് പൂർണ്ണ ബോധ്യമുള്ള പ്രവര്‍ത്തനങ്ങളുമായി പാലക്കാട് ജില്ലയില്‍ സിപിഎമ്മും എല്‍ഡിഎഫും മുന്നോട്ടുപോകുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദങ്ങളെ കുറിച്ച്
രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുള്ളത് വെറും വിവാദങ്ങൾ അല്ല വസ്തുതകളാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ആ വസ്തുതകള്‍ ജനവും നിയമവും വിലയിരുത്തുന്നുണ്ട്. അതിനാല്‍തന്നെ, രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട കേസുകള്‍ നിയമത്തിന്‍റെ വഴിക്ക് തന്നെ നടക്കട്ടേ എന്നാണ് എനിക്ക് പറയാനുള്ളത്.
എല്‍ഡിഎഫിന്‍റെ സോഷ്യല്‍ മീഡിയ സമീപനം...
കഴിഞ്ഞ ഒൻപതര ഒൻപതേ മുക്കാൽ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു എന്ന് ജനങ്ങളെ അറിയിക്കുകയാണ് പാര്‍ട്ടിയും എല്‍ഡിഎഫും ചെയ്യുന്നത്. ഭരണത്തിൽ ഇരിക്കുമ്പോൾ ജനങ്ങളോടൊപ്പം നിന്നത്, ദേശീയ വിഷയങ്ങളിലും അന്തർദേശീയ വിഷയങ്ങളിലും നിലപാടുകള്‍ പറഞ്ഞ് കേരളത്തിന്‍റെ പൊതു മനസിനെ അഭിപ്രായമുള്ളവരാക്കി മാറ്റിയത് ഈ പാര്‍ട്ടിയും മുന്നണിയുമാണ്. ഗാസ വിഷയം ആയാലും, വെനിസ്വേലയിലെ പ്രശ്‌നം ആണെങ്കിലും, യലഹങ്കയിലെ ബുൾഡോസർ രാജ് ആണെങ്കിലും മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിൽ ഈ പാർട്ടിക്കൊരു നിലപാടുണ്ട്. വികസനപ്രവര്‍ത്തനങ്ങളും പല വിഷയങ്ങളിലുള്ള ശക്തമായ നിലപാടുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്വീകാര്യതയുണ്ടാകുന്ന വിധത്തിൽ എത്തിക്കാനുള്ള നീക്കം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
സിവില്‍ സര്‍വീസ് ടു പൊളിറ്റിക്‌സ്
ഞാൻ 2016-ലാണ് സർവീസിൽ നിന്ന് ജോലി രാജവച്ചത്. പൂര്‍ണ സമയ പൊതുപ്രവർത്തകനായി ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. എങ്ങനെ നിലപാടുകളെടുക്കണം എന്ന് പഠിക്കാൻ ഇക്കാലയളവ് സഹായകമായി എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. ഇക്കാലയളവില്‍ എന്‍റേതായ കുറവുകളും വീഴ്ചകളും ഉണ്ടായിട്ടുണ്ട്, അവ ഞാൻ തിരുത്തിയിട്ടുണ്ട്. അതിലെ ഏറ്റവും വലിയ തിരുത്തലാണ് ഞാൻ കഴിഞ്ഞ ഒന്നര വർഷം മുമ്പ് ശരിയുടെ രാഷ്‌ട്രീയം തെരഞ്ഞെടുത്തത്. ആ പാതയില്‍ എന്നാൽ കഴിയുന്ന വിധം ആത്മാർഥതയോടെയും സത്യസന്ധതയോടെയും കൂടിയാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പലരും എന്നെ ട്രോളിയിട്ടുണ്ടാവാം. എന്നെ അവസരവാദി എന്ന് വിളിക്കുന്നവരുണ്ടാകാം. എന്നാല്‍ ഒരു തരത്തിലും കോംപ്രമൈസ് ചെയ്യുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ല എന്ന് കാലം തെളിയിക്കും. അതാണ് ഈ സമൂഹത്തിനോട് ചെയ്യാനുള്ള എന്‍റെ ഉത്തരവാദിത്തം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
യുഡിഎഫിന്‍റെ 100 സീറ്റ് മോഹത്തോട് എന്ത് പറയുന്നു...
100 സീറ്റ് കിട്ടുക യുഡിഎഫിന് അല്ല, എല്‍ഡിഎഫിനാണ്. 85 സീറ്റ് ജയിക്കുമെന്നും, 90 കിട്ടുമെന്നും, 100 സീറ്റ് ലഭിക്കുമെന്നുമെല്ലാം പലതരം വിലയിരുത്തലുകളുള്ള മുന്നണിയാണല്ലോ യുഡിഎഫ്. എന്തായാലും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന് ഉള്ളതിനേക്കാള്‍ വ്യക്തത എല്‍ഡിഎഫിനുണ്ട്. നിങ്ങളിപ്പോഴേ പ്രചാരണ പ്രവര്‍ത്തനം നിര്‍ത്തിക്കോളൂ എന്നാണ് 55 മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവർത്തകരോട് യുഡിഎഫ് ഇതിനകം പറഞ്ഞിരിക്കുന്നത്. അവിടങ്ങളിലെല്ലാം എല്‍ഡിഎഫ് ജയിച്ചുകഴിഞ്ഞു എന്ന് യുഡിഎഫ് ഇതിനകം സമ്മതിച്ച സ്ഥിതിവിശേഷമാണുള്ളത്. യുഡിഎഫ് ജയിക്കുമെന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന 85 സീറ്റുകളിലെ 60 സീറ്റും എല്‍ഡിഎഫിന് വിജയിക്കാനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. യുഡിഎഫിന് ഇപ്പോള്‍ നിലവിലുള്ള 42 സീറ്റിലെ എണ്ണം കുറയാതിരിക്കാനുള്ള പണിയെടുക്കുക മാത്രമേ ചെയ്യാനുള്ളൂ, അതാണ് യുഡിഎഫിന് ഈ പൊതുസമൂഹത്തിൽ ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം എന്നാണ് എനിക്ക് പറയാനുള്ളത്.കോണ്‍ഗ്രസിന് 'ലക്ഷ്യ' എന്ന പേരില്‍ തെരഞ്ഞെടുപ്പ് ആസൂത്രണ പരിപാടിയൊക്കെ നടത്താം, അതിനൊക്കെയുള്ള അവകാശമുണ്ട്. പക്ഷേ, ജനങ്ങളുടെ ലക്ഷ്യം തീരുമാനിക്കുന്നത് കോൺഗ്രസ്സോ യുഡിഎഫ് അല്ല. ആത്യന്തികമായി കേരള ജനതയ്ക്ക് ഒരു ലക്ഷ്യമുണ്ട്. അത് നവകേരളം എന്നുള്ള സ്വപ്‌നമാണ്. കേരളത്തിന് 70 വയസ്സ് തികയുകയാണ് 2026-ൽ. കേരളം 71-ാം വയസ്സിലേക്ക് പ്രവേശിക്കാന്‍ പോകുന്ന സമയത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. 71 സീറ്റ് ആണ് കേരളത്തിന്‍റെ ഭരണം തീരുമാനിക്കപ്പെടാൻ ഏതെങ്കിലുമൊരു മുന്നണിക്ക് വേണ്ട കേവല ഭൂരിപക്ഷം. കേരളത്തിന്‍റെ ഭാവിയെ പൂർണ്ണമായും അടച്ചു കളയുന്ന 71 പേരെ നിയമസഭയിലേക്ക് അയക്കാന്‍ കേരളം ഒരിക്കലും ആഗ്രഹിക്കുന്നില്ല. കേരളത്തിന്‍റെ ഭാവി സുരക്ഷിതമാക്കാൻ ആർക്ക് കഴിയുമെന്നുള്ള ചോദ്യത്തിന്‍റെ ഏക ഉത്തരം ഇടതുപക്ഷം എന്നാണെന്ന് കഴിഞ്ഞ 70, 80 വർഷത്തെ ചരിത്രത്തില്‍ ഇവിടെ എഴുതി ചേർത്ത പ്രസ്ഥാനമാണിത്. ആ പ്രസ്ഥാനത്തെയും മുന്നണിയെയും വരും തെരഞ്ഞെടുപ്പിലും ജനം കൈവിടില്ല, ഒരു തർക്കവുമില്ല അക്കാര്യത്തില്‍.
വരാനിരിക്കുന്നത് മൂന്നാം പിണറായി സര്‍ക്കാരോ?
കേരളത്തെ എങ്ങോട്ടേക്കാണ് എത്തിക്കേണ്ടത് എന്ന് ജനങ്ങൾക്ക് കൃത്യമായ വിലയിരുത്തലുണ്ട്. ജനം തീരുമാനിക്കും ഇവിടെ ആര് ഭരണത്തില്‍ വരണം എന്നുള്ളത്. ഇന്ത്യയില്‍ കേരളത്തിന്‍റെ നിലപാട് അറിയിക്കേണ്ടവര്‍ ആരാണ്, കേരളത്തിന്‍റെ ശബ്ദം എങ്ങനെ അടയാളപ്പെടുത്തപ്പെടണം എന്ന ചോദ്യത്തിനുള്ള ഉത്തരം ഇടതുപക്ഷം എന്നാണെന്നുള്ള നിര്‍ബന്ധം ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. സമകാലിക ഇന്ത്യ അത്രയും അപകടം പിടിച്ച ഒരു വഴിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ആ അപകടവഴിയില്‍ ആര് രക്ഷയ്‌ക്കെത്തും എന്ന് ചോദിച്ചാല്‍ ജനങ്ങളുടെ മനസ്സിലുള്ള ഉത്തരം ഇടതുപക്ഷമാണ് എന്നാണ്. അതുകൊണ്ടുതന്നെ ആ പ്രതിഫലനം വരും നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
