
മലപ്പുറം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് എം ഇ എസ് പ്രസിഡന്‍റ് ഫസൽ ഗഫൂർ. മറ്റുള്ളവരെ അപരവൽക്കരിച്ച് ആകരുത് സംഘടനകൾ തമ്മിലുള്ള ഐക്യമെന്ന് അദ്ദേഹം പറഞ്ഞു. കോളജുകളുടെ അംഗീകാരത്തിനായി അപേക്ഷ പോലും നൽകാതെയാണ് 'ഞങ്ങൾക്ക് ഒന്നും കിട്ടിയില്ലാ'യെന്ന് വെള്ളാപ്പള്ളി പറയുന്നതെന്നും ഫസൽ ഗഫൂർ വിമർശിച്ചു.
"ഞങ്ങൾക്കൊന്നും കിട്ടിയില്ല എന്ന് പറയണമെങ്കിൽ ചെയ്തിട്ട് വേണ്ടേ കിട്ടാനായിട്ട്. എൻ എസ് എസിന് 22 എയ്ഡഡ് കോളജുണ്ട്. എസ് എൻ ഡി പിക്ക് 14 ഉണ്ട്. എം ഇ എസിനാകട്ടെ ഏഴേ ഉള്ളൂ. ആ എം ഇ എസ് 30 വർഷം കൊണ്ട് എവിടെയെത്തിയെന്ന് നോക്കൂ. എത്ര ഓട്ടോണോമസ് കോളജായി. കോളജ് കിട്ടാൻ ആപ്ലിക്കേഷൻ കൊടുക്കണ്ടേ. ഒന്നും കൊടുക്കാതെ കിട്ടിയില്ലെന്ന് പറയുന്നതിൽ എന്തുകാര്യം? മലപ്പുറം ജില്ലയിൽ വരുമ്പോൾ ഭയമാണെന്ന് പറയുന്നു ഒരാൾ. ആര് ആരെയാണ് പേടിക്കുന്നത്? ഫസൽ ഗഫൂർ പുറത്തൊരു ജില്ലയിൽ പോയാൽ ഭയം വരുമോ? എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ എതിർക്കാതിരിക്കാനൊന്നും പറ്റില്ല. ഐക്യം ഏത് സംഘടനകളും തമ്മിൽ ഉണ്ടായിക്കോട്ടെ. സമസ്ത എപിയും ഇകെയും തമ്മിൽ ഉണ്ടായിക്കോട്ടെ. എൻ എസ് എസും എസ് എൻ ഡി പി യും തമ്മിൽ ഉണ്ടായിക്കോട്ടെ. നമുക്ക് യാതൊരു വിരോധവുമില്ല. മറ്റുള്ളവരെ അപരവൽക്കരിച്ച് ആകരുത് ആ ഐക്യം.വർഗീയത ആളിക്കത്തിക്കാൻ ഒരു കൂട്ടം ആളുകൾ നോക്കുമ്പോൾ മുഖ്യധാരാ കക്ഷികൾ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. വിടുവായത്തരം ഒന്നും പറയാൻ പാടില്ല"- ഫസൽ ഗഫൂർ പറഞ്ഞു.
എസ് എൻ ഡി പി- എൻ എസ് എസ് ഐക്യത്തിന് എസ് എൻ ഡി പി യോഗം ഇന്നലെ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഫസൽ ഗഫൂറിന്‍റെ വിമർശനം. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ് എൻ ഡി പി - എൻ എസ് എസ് ഐക്യനീക്കത്തിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ആലപ്പുഴയിൽ ചേർന്ന എസ് എൻ ഡി പിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി നടേശൻ.
നായാടി മുതൽ നസ്രാണി വരെ ഐക്യം അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നു. ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തുമെന്ന് വെള്ളാപ്പള്ളി അറിയിച്ചു. ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും. സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ട് മുന്നിൽ കണ്ടാണ് സജി ചെറിയാൻ ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പിന്നാലെ എസ് എൻ ഡി പിയെ പെരുന്നയിലേക്ക് ജി സുകുമാരൻ നായർ സ്വാഗതം ചെയ്തു. എൻ എസ് എസുമായി ഇനി പ്രശ്നം ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട് സ്നേഹത്തോടെ നന്ദി പറയുന്നു. തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും. എസ് എൻ ഡി പി- എൻ എസ് എസ് ഐക്യത്തിന് എസ് എൻ ഡി പി യോഗം അംഗീകാരം നൽകിയതിന് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam