
തിരുവനന്തപുരം: നാട്ടിലെല്ലായിടത്തും മദ്യശാലകൾ തുറന്നത് സർക്കാർ. മദ്യത്തിന് ഉയർന്ന നികുതി ഈടാക്കി ഖജനാവിലേക്ക് പണം നിറക്കുന്നതും സർക്കാർ. അങ്ങിനെ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ പണം സംഭാവന ചെയ്യുന്ന മദ്യപന്റെ കാര്യമോ? രണ്ടെണ്ണം വീശിയിട്ടുണ്ടെങ്കിൽ പിന്നെ എപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്യുകയെന്നോ, എന്ത് കേസാണ് ചുമത്തുകയെന്നോ, എത്ര ദിവസം അകത്ത് കിടക്കേണ്ടി വരുമെന്നോ അറിയില്ല.
എന്നാൽ അത്തരത്തിൽ യാതൊരു നടപടിയും ഇനി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മിഷൻ. മദ്യപരെ പൊതുസ്ഥലത്ത് വച്ച് അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുന്ന ശീലം മാറ്റണമെന്നാണ് കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
തിരുവനന്തപുരം കല്ലിയൂർ സ്വദേശി സുരേഷ് ബാബുവാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചത്. കൺസ്യൂമർഫെഡും, ബിവറേജസ് കോർപ്പറേഷനും വിറ്റഴിക്കുന്ന മദ്യം വാങ്ങിക്കഴിക്കുന്നവരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു പരാതി. തിരുവനന്തപുരം ഫോർട്ട് സബ്‌ഡിവിഷന് കീഴിൽ വരുന്ന നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും പരാതിയിൽ കുറ്റപ്പെടുത്തിയത്.
എന്നാൽ തങ്ങൾ മദ്യപിച്ച് പൊതുസ്ഥലങ്ങളിലിരുന്ന് പ്രശ്നം ഉണ്ടാക്കുന്നവർക്ക് എതിരെയും പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവർക്ക് എതിരെയും മാത്രമാണ് നടപടിയെടുക്കുന്നതെന്നാണ്. മതിയായ ജാമ്യവ്യവസ്ഥയിൽ ഇവരെ വിട്ടയക്കാറുണ്ടെന്നും ആർക്കെതിരെയും വ്യക്തിവൈരാഗ്യം മൂലം നടപടിയെടുത്തിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
എന്നാൽ പരാതിക്ക് ഇട നൽകാത്തവിധം നിയമപരമായി മാത്രമേ പൊലീസ് നടപടി സ്വീകരിക്കാവൂ എന്നും ആരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും പൊലീസ് മേധാവി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. ഇത് പ്രകാരം തിരുവനന്തപുരം സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എല്ലാ അസിസ്റ്റന്റ് കമ്മിഷണർമാർക്കും അയച്ച കത്തിൽ, മദ്യപിച്ചുവെന്ന ഒറ്റക്കാരണത്താൽ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam