റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു?; തനിക്കറിയില്ലെന്ന് മന്ത്രി റിയാസ് നിയമസഭയില്‍

By Web TeamFirst Published Sep 19, 2022, 1:16 PM IST
Highlights

റോഡ് അപകടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമല്ലെന്നും മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞെന്നും എത്ര യാത്രക്കാർക്ക് പരുക്ക് പറ്റിയെന്നും ഉള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് അപകടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമല്ലെന്നും മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചു. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയാണ് റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞെന്ന കണക്ക് തനിക്ക് അറിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണുണ്ടായ അപകടങ്ങളെ തുടർന്ന് എത്ര പേർ മരണപ്പെട്ടിട്ടുണ്ട്; എത്ര പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇപ്രകാരം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാൻ തയ്യാറായിട്ടുണ്ടോ? ഉണ്ടെങ്കിൽ വിശദാംശം നൽകാമോ  എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍റെ ചോദ്യം.

റോഡിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കോ മരണം  സംഭവിക്കുന്നവര്‍ക്കോ പൊതുമരാമത്ത് വകുപ്പില്‍ നിന്നും നഷ്ടപരിഹാരം  നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കെഎസ്‍ടിപി റോഡുകള്‍ കരാറുകാര്‍ക്ക് കൈമാറിക്കഴിഞ്ഞാല്‍ റോഡിന്‍രെ പരിപാലനചുമതല അവരുടേതാണ്. റോഡുകളിലെ കുഴികളില്‍ വീണുണ്ടായ അപകടങ്ങളില്‍ കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ബില്‍ തുകയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് ആവശ്യമായ നടപടി കൈകൊള്ളുമെന്നും മുഹമ്മദ് റിയാസ് നിയമസഭയില്‍ വ്യക്തമാക്കി.

സമീപ ദിവസങ്ങളില്‍ ദേശീയ പാതകളിലെ കുഴികളില്‍ വീണ് യാത്രികരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. റോഡുകളില്‍ കുഴികള്‍ രൂപപ്പെടുകയും അപകടങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കാനായി വിവിധ പദ്ധതികള്‍ പൊതതുമരാമത്ത് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 29522 കി.മീ റോഡാണ് സംസ്ഥാനത്ത് ഉള്ളത്. ഈ റോഡുകളുടെ പരിപാലനം കാലതാമസമില്ലാതെ ഉറപ്പുവരുത്തുമന്നും മന്ത്രി പറഞ്ഞു.

Read More : കൂളിമാട് പാലം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് റിയാസ്

click me!