
മലപ്പുറം: തവനൂർ സീറ്റ് മുസ്ലിം ലീഗിന് വിട്ടു കൊടുക്കരുത് എന്നു യൂത്ത് കോൺഗ്രസ്. സീറ്റ് മുസ്ലിം ലീഗിന് നൽകിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ പറഞ്ഞു. മലപ്പുറത്ത് കോൺഗ്രസിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നാണ് ഹാരിസിന്‍റെ നിലപാട്. മലപ്പുറത്തെ 16 നിയമസഭാ മണ്ഡലങ്ങളിൽ 12 ഇടത്ത് ലീഗും നാലിടത്ത് കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. മതേതര ആശയം മുന്നോട്ട് വെക്കുന്ന കോൺഗ്രസ് മലപ്പുറത്ത് ചുരുങ്ങിപ്പോകുന്നത് നാടിന്റെ സെക്കുലറിസത്തിന് എത്ര ഗുണകരമാകും എന്ന് കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ടതാണ്. തവനൂർ സീറ്റ് ലീഗിന് കൊടുത്താൽ സംഘപരിവാർ ഇല്ലാകഥകൾ പ്രചരിപ്പിക്കുമെന്നും ഹാരിസ് ഫേസ് ബുക്കിൽ കുറിച്ചു.
കേരളത്തിലെ ജില്ലകളിൽ ഏറ്റവും അധികം നിയമസഭാ മണ്ഡലങ്ങളുള്ളത് മലപ്പുറം ജില്ലയിലാണ്, 16 നിയമസഭ മണ്ഡലങ്ങൾ. അതിൽ 12 നിയോജക മണ്ഡലങ്ങളിൽ മുസ്ലിം ലീഗും 4 നിയമസഭ മണ്ഡലങ്ങളിലാണ് ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ് മത്സരിക്കുന്നത്, കോൺഗ്രസ് മത്സരിക്കുന്ന നിലമ്പൂർ കോൺഗ്രസിന്റെ എക്കാലത്തെയും കരുത്തനായ നേതാവ് ആര്യാടൻ മുഹമ്മദിന്റെ മണ്ണാണ്. വണ്ടൂരിൽ കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ടിരിക്കുന്നു. കെ കേളപ്പജിയുടെയും കോൺഗ്രസിന്റെയും ചരിത്രമുറങ്ങുന്ന തവനൂരാണ് കോൺഗ്രസ് മത്സരിക്കുന്ന മൂന്നാമത്തെ മണ്ഡലം. അത് കഴിഞ്ഞു ഇ മൊയ്തു മൗലവിയുടെയും വെളിയംകോട് ഉമർ ഖാളിയുടെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ മണ്ണായ പൊന്നാനിയുമാണ് കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങൾ.
മലപ്പുറത്തെ കോൺഗ്രസിന്റെ ശക്തിയും പ്രാധാന്യവുമനുസരിച്ചു ഇനിയും സീറ്റുകൾക്ക് അർഹതയുണ്ടെങ്കിലും യുഡിഎഫിലെ ഏറ്റവും വിശ്വസ്തരായ ഘടക കക്ഷി എന്ന നിലയിലും യുഡിഎഫിന്‍റെ കെട്ടുറപ്പിനും മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയിൽ വിട്ടു വീഴ്ച ചെയ്തത് കൊണ്ടാണ് 12 സീറ്റ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. മാത്രമല്ല അതിനുള്ള സംഘടനാ ബലവും ആൾബലവും മുസ്ലിം ലീഗിനുണ്ട്. എന്നാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു ഡി എഫിൽ നടക്കുന്ന സീറ്റ് വിഭജന ചർച്ച യുടെ ഭാഗമായി കേരള ഗാന്ധി കേളപ്പജി യുടെ ഓർമ്മകൾ ഉറങ്ങുന്ന തവനൂർ സീറ്റ് കോൺഗ്രസ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് നൽകുന്നു എന്ന വാർത്ത പുറത്തു വരുന്നുണ്ട്.
ജാതി മത ചിന്തകൾക്ക് അതീതമായി, മതേതര ആശയം മുന്നോട്ട് വെക്കുന്ന കോൺഗ്രസ് മലപ്പുറത്ത് ചുരുങ്ങിപ്പോകുന്നത് നമ്മുടെ നാടിന്റെ സെക്കുലറിസത്തിന് എത്ര ഗുണകരമാകും എന്ന് കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ടതാണ്. മലപ്പുറമെന്ന പേര് കേൾക്കുമ്പോൾ ഇല്ലാക്കഥകൾ മെനയുന്ന സംഘപരിവാർ ഫാക്ടറികൾക്ക് ചേരുവകൾ ചേർക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തന്നെ വിഭവങ്ങൾ നൽകിയാൽ അതിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിരോധവും പ്രതിഷേധവും തീർക്കും. മലപ്പുറത്ത് അധികം സീറ്റുകൾ ആവശ്യപ്പെടണമെന്ന് ആവശ്യപ്പെടാത്തത് യു ഡി എഫിന്റെ കേട്ടുറപ്പിനു വേണ്ടിയാണ്. എന്നാൽ കോൺഗ്രസിന്റെ 4 സീറ്റുകളിൽ ഒന്ന് നഷ്ടപ്പെടുത്തിയാൽ അതിന് കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല എന്നോർമിപ്പിക്കട്ടെ....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam