
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ശബരിമല സ്വർണ്ണക്കൊള്ളയിൽ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കെ സി വേണുഗോപാലെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ആരോപണം. 2004 ൽ ദേവസ്വം മന്ത്രിയായിരുന്ന കോൺഗ്രസ് അഖിലേന്ത്യ നേതാവെന്നായിരുന്നു പോറ്റിയെ കേറ്റിയത് എന്നായിരുന്നു പത്തനംതിട്ടയിൽ എൽ ഡി എഫ് മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞുവച്ചത്. എന്നാൽ പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അമ്പലക്കള്ളമാരെ അകത്താക്കുമെന്നും കെ സി വേണുഗോപാലും തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു കെ സിയുടെ തിരിച്ചടി.
സ്വർണക്കൊള്ളിൽ സോണിയാ ഗാന്ധിയും പോറ്റിയും ഒപ്പമുള്ള ചിത്രമായിരുന്നു ഇതുവരെ കോൺഗ്രസിനെതിരായ സി പി എമ്മിന്‍റെ പ്രതിരോധം. എന്നാൽ ഇന്ന് ആരോപണം കെ സി വേണുഗോപാലിലേക്ക് കൂടി തിരിച്ചുവിടുകയായിരുന്നു മുഖ്യമന്ത്രി. പത്തനംതിട്ടയിൽ എൽ ഡി എഫ് മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ ആരോപണം. 200 4മുതൽ പോറ്റി ശബരിമലയിൽ എല്ലാ കളിയും കളിച്ചെന്നും ആഗോള അയ്യപ്പ സംഗമത്തിന്‍റെ ശോഭ കെടുത്താനായാണ് ആരോപണം കൊണ്ട് വന്നതെന്നും പിണറായി വാദിച്ചു. പിന്നാലെ യു ഡി എഫ് റാലിയിൽ കെ സി വേണുഗോപാലിന്‍റെ മറുപടി. കള്ളമ്മാരെ രക്ഷിക്കാൻ, സർക്കാർ ആവുന്നതെല്ലാം ചെയ്യെട്ടെ എന്നും സത്യം നാട്ടുകാർക്ക് എറിയമെന്നുമായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്. കുറ്റപത്രം നൽകാത്തതിന്‍റെ പഴുതുപയോഗിച്ച് പോറ്റി പുറത്ത് വന്നതോടെ കേസ് അട്ടിമറിക്കപ്പെട്ടെന്നും കുറ്റപത്രം നൽകാത്തത് ആസൂത്രിതമാണെന്നും രമേശ് ചെന്നിത്തല അടക്കം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം മുഖ്യമന്ത്രി ഉയർത്തുന്നത്. വരുംദിവസവും ഇത് സംബന്ധിച്ച ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടാകും. കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതി ചേർക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. കോൺഗ്രസ് വരുംദിവസങ്ങളിൽ ഈ വിഷയങ്ങൾ സജീവമായി ഉയർത്തും. കേസിൽ ആറാം പ്രതിയായ എസ് ശ്രീകുമാറിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പോറ്റിയുമായുള്ള ബന്ധത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam