
കോഴിക്കോട്: ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറി. മടിയിൽ കനമുള്ളവരാണ് അവർ. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തി കളയാൻ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും റിയാസ് പറഞ്ഞു.
സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജുവിനെ ഒരു കാര്യവുമില്ലാതെ ഇഡി വിളിച്ചു. രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരുത്തിച്ചു. അതാണ് ഇഡിയുടെ പണി. ചിരുകണ്ടനും മടത്തിൽ അമ്പുവുമൊക്കെ തൂക്കുമരത്തിൽ കയറുമ്പോള്‍ അയ്യോ എന്ന് നിലവിളിക്കുകയായിരുന്നില്ല, ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു. കയ്യൂർ, കരിവള്ളൂർ സമര പോരാളികളുടെ പിൻമുറക്കാരാണ് ഇടതുപക്ഷക്കാരെന്നും മന്ത്രി പറഞ്ഞു.
പല കോർപ്പറേറ്റ് കമ്പനികളെയും ആദ്യം ഇഡി പോയി കണ്ട് കേസെടുത്തു. പിന്നാലെ അവർ പോയി ബിജെപി നേതാക്കളുടെ കാൽക്കൽ സാഷ്ടാംഗം വീണ് ബോണ്ട് എടുത്തു. അപ്പോൾ ഇഡി കേസ് ആവിയായി. പേടിപ്പിച്ചാൽ ഇളകിപ്പോകുന്നവരല്ല കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ സർക്കാരും. ആ ഭീഷണി കോൺഗ്രസുകാരോട് മതിയെന്നും തങ്ങളോട് വേണ്ടെന്നും റിയാസ് പറഞ്ഞു. കോഴിക്കോട് എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു റിയാസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam