'മകളുടെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്': അഭ്യർത്ഥനയുമായി വണ്ടിപ്പെരിയാറിലെ അച്ഛൻ

By Web TeamFirst Published Jul 10, 2021, 2:56 PM IST
Highlights

വണ്ടിപ്പെരിയാർ സംഭവത്തിൽ യൂത്ത് കോണ്ഗ്രസ്- ഡിവൈഎഫ് രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾക്കിടെയാണ് പെൺകുട്ടിയെ അച്ഛന്റെ പ്രതികരണം

ഇടുക്കി: വണ്ടിപ്പെരിയാർ സംഭവത്തിലെ രാഷ്ട്രീയ മുതലെടുപ്പുകൾക്കെതിരെ പെണ്കുട്ടിയുടെ അച്ഛൻ. രാഷ്ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനാണ് എല്ലാവരും സഹായിക്കേണ്ടതെന്നും കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ സുരേഷ് ഗോപി എംപിയും ബാലാവകാശ കമ്മീഷനും പെൺകുട്ടിയുടെ വീട് സന്ദർശിച്ചു.

വണ്ടിപ്പെരിയാർ സംഭവത്തിൽ യൂത്ത് കോണ്ഗ്രസ്- ഡിവൈഎഫ് രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾക്കിടെയാണ് പെൺകുട്ടിയെ അച്ഛന്റെ പ്രതികരണം. മകൾക്കുണ്ടായ ദുരന്തത്തിൽ തക‍ർന്നിരിക്കുകയാണ് കുടുംബം, ഞങ്ങളെ പിന്തുണയ്ക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് വിചാരണ പൂ‍ർത്തിയാക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും, കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസും ,സർക്കാരും എല്ലാ സഹായവും നൽകുമെന്ന് പറഞ്ഞതായും കുട്ടിയുടെ അച്ഛൻ പറഞ്ഞു. 

പൊലീസ് ഇടപെടൽ കൊണ്ടു മാത്രമാണ് മകളുടെ മരണത്തിലെ സത്യം പുറത്തറിഞ്ഞത്. ഷാൾ കഴുത്തിൽ കുരുങ്ങി മകൾ മരിച്ചെന്ന് മാത്രമാണ് ഞങ്ങൾ കരുതിയത്. എല്ലാ സത്യങ്ങളും പുറത്തു കൊണ്ടു വന്നത് പൊലീസാണ്. ഞാൻ  കുട്ടിക്കാലത്ത് എടുത്തു കൊണ്ടു നടന്നയാളാണ് അ‍ർജുൻ. അയൽവാസിയാണ് അത്രയും അറിയുന്ന ആളാണ്. ഞങ്ങളാരും അവനെ ഒരിക്കലും സംശയിച്ചില്ല. എൻ്റെ കുഞ്ഞിനേയും അവൻ കുഞ്ഞായിരുന്നപ്പോൾ കുറേ എടുത്തു കൊണ്ടു നടന്നതാണ്. 

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള തരത്തിലുള്ള ശിക്ഷയാണ് അർജുന് നൽകേണ്ടതെന്ന് പെണ്കുട്ടിയുടെ വീട് സന്ദർശിച്ച സുരേഷ് ഗോപി എംപി പറഞ്ഞു. അ‍ർജുൻ്റെ രാഷ്ട്രീയം നോക്കി വിവാദമുണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നും അയാൾ ചെയ്ത ക്രൈമാണ് ച‍ർച്ചയാവേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.  ബാലാവകാശ കമ്മീഷനും ഇന്ന് പെണ്കുട്ടിയുടെ വീട്ടിലെത്തി ആവശ്യമായ സഹായങ്ങളെല്ലാം ഉറപ്പ് നൽകി. 


 

click me!