PSC| പിഎസ്‍സിയുടെ ഇരട്ട നീതി, എയ്ഡഡ് കോളേജ് അധ്യാപർക്ക് അയോഗ്യത

By Jithi RajFirst Published Nov 16, 2021, 9:26 AM IST
Highlights

കെഎഎസ് പരീക്ഷക്ക് പ്രാഥമിക യോഗ്യത നേടിയവരെ, എയ്ഡഡ് അധ്യാപകരെന്ന കാരണം പറഞ്ഞ് അയോഗ്യരാക്കുകയാണ് പിഎസ്‍സി

തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപകരുടെ (Aided College Teachers) കാര്യത്തിൽ പിഎസ്‍സിക്ക് (PSC) രണ്ട് നീതി. അധ്യാപകരെ പിഎസ്‍സി അംഗമായി തെരഞ്ഞെടുക്കുന്നത് ഗവണ്‍മെന്‍റ് സർവീസ് എന്ന ഗണത്തിൽ പെടുത്തിയാണ്. എന്നാൽ കെഎഎസ് പരീക്ഷക്ക് പ്രാഥമിക യോഗ്യത നേടിയവരെ, എയ്ഡഡ് അധ്യാപകരെന്ന കാരണം പറഞ്ഞ് അയോഗ്യരാക്കുകയാണ്. 

ഒരു എയ്ഡഡ് കൊളെജ് അദ്ധ്യാപകന് രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ പിഎസ്‍സി അംഗമാകാം. അങ്ങനെ കമ്മീഷന്‍റെ ഉന്നതാധികാരി സമിതിയിൽ കാലാകാലങ്ങളിൽ എയ്ഡഡ് അദ്ധ്യാപകർ ഇടം നേടുന്നു. ഇത് ഏറ്റവും ഒടുവിൽ പിഎസ്‍‍സി അംഗമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗസറ്റ് വിജ്ഞാപനമാണ്. പാലാ സെന്‍റ് തോമസ് കൊളെജ് അധ്യാപകനായി സ്റ്റാനി തോമസ് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏത് കാറ്റഗറി എന്നതിൽ പിഎസ്‍സി വ്യക്തമാക്കുന്നത് ഗവണ്‍മെന്‍റ് സർവീസ്. 

ഇനി ഇക്കഴിഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സർക്കാ‍ർ ശമ്പളം പറ്റുന്നവരിൽ സ്ട്രീം 2 കാറ്റഗറിയിൽ പരീക്ഷ എഴുതിയ അധ്യാപകരുടെ സ്ഥിതി മറ്റൊന്നാണ്.  സംസ്ഥാനത്തെ വിവിധ എയ്ഡഡ് കൊളെജുകളിലെ അധ്യാപകർ സ്ട്രീം രണ്ട് കാറ്റഗറിയിൽ പരീക്ഷ എഴുതി. എന്നാൽ ആദ്യ ഘട്ട പ്രിലിംസ് യോഗ്യത നേടിയെങ്കിലും മുന്നോട്ട് പോകാനായില്ല. കാരണം തേടിയപ്പോൾ ഗവണ്‍മെന്‍റ് സർവീസിൽ എയ്ഡഡ് അധ്യാപകരെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന്  വിവരാവകാശ രേഖയിൽ പിഎസ്‍സി തന്നെ നൽകിയ മറുപടി. 

പിഎസ്‍സി അംഗമാകുന്നതും കെഎഎസും പ്രത്യേകം ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നതാണ് പിഎസ്‍സി വാദം. അങ്ങനെയങ്കിൽ പരീക്ഷ എഴുതുമ്പോൾ പ്രൈവറ്റ് ജീവനക്കാരായി കണക്കാക്കുന്ന പിഎസ്‍സി, അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ഇവർ സർക്കാർ സർവീസ് ആകുന്ന മറിമായമാണ് ഉദ്യോഗാർത്ഥികൾ ഉയർത്തുന്ന ഇരട്ടത്താപ്പ്.

click me!