സ്ത്രീധനത്തിന്‍റെ പേരില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി; യുവതിയും കുഞ്ഞും ഗാന്ധിഭവനില്‍

By Web TeamFirst Published Dec 8, 2019, 11:13 AM IST
Highlights

മൂന്നു വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കരവാളൂര്‍ സ്വദേശിയായ  സിജി ചന്ദ്രന്‍ യുവതിയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ എഞ്ചിനിയറല്ലെന്ന കാര്യം യുവതി പിന്നീട് മനസിലാക്കി.

കൊല്ലം: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെയും രണ്ട് വയസ്സുള്ള പെൺകുട്ടിയെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. പുനലൂർ കരവാളൂര്‍ സ്വദേശിയാണ് പുനലൂർ പൊലിസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. വിദേശത്തുള്ള ഭർത്താവ്  വീട് വിട്ടുപോകാൻ തന്നോട്  ആവശ്യപ്പെട്ടതായും അതിനാല്‍ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയിരിക്കുകയാണെന്നും യുവതി പറഞ്ഞു. 

കല്യാണസമയത്ത് ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും കുട്ടിക്കുണ്ടായിരുന്ന ആഭരണങ്ങളും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഊരിവാങ്ങിയെന്നും സ്ത്രീധനത്തിന്‍റെ പേരില്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

മൂന്നു വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കരവാളൂര്‍ സ്വദേശിയായ  സിജി ചന്ദ്രന്‍ യുവതിയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ എഞ്ചിനിയറല്ലെന്ന കാര്യം  പിന്നീട് മനസിലാക്കി. ഇതിന് ശേഷമാണ് സ്ത്രീധനത്തിന്‍റെ പേരില്‍ വീട്ടുകാര്‍ പീഡനം തുടങ്ങിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. 

രണ്ട് ദിവസം മുമ്പ് ചികിത്സക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ തിരുവനന്തപുരത്തേക്ക് പോയി.യുവതിയോടും കുഞ്ഞിനോടും അടുത്ത വീട്ടിൽ പോയി നിൽക്കാൻ  ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഭർത്താവ് ഫോണില്‍ വിളിച്ച് സ്വന്തം വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാതെ ഇവര്‍ ഒടുവില്‍ ഗാന്ധി ഭവനില്‍ അഭയം തേടുകയായിരുന്നു. ഇതിന് ശേഷം ഇവിടെനിന്നെത്തിയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

click me!