'തന്റെ കഴിവ് തിരിച്ചറിഞ്ഞത് ആർഎസ്എസ്'; പദ്മ പുരസ്കാരം അപ്രതീക്ഷിതമെന്ന് ഡോ. സി.ഐ. ഐസക് 

By Web TeamFirst Published Jan 26, 2023, 10:05 AM IST
Highlights

മലബാർ കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിലല്ല പുരസ്കാരം കിട്ടിയതെന്നും സി.ഐ. ഐസക് പറഞ്ഞു. 

കോട്ടയം: പദ്മ നേട്ടം അപ്രതീക്ഷിതമെന്ന് ഡോ. സി.ഐ. ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട്. തനിക്ക് വേദിയൊരുക്കിയത് ആർഎസ്എസ് ആണ്. വിദ്യാർഥി പരിഷത്ത് കാലം മുതൽ തന്റെ കഴിവ് തിരിച്ചറിഞ്ഞത് ആർഎസ്എസാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ ദിവസം രാവിലെയാണ് പുരസ്കാരം തനിക്കാണെന്ന് മന്ത്രാലയത്തിൽ നിന്ന് വിളിച്ചറിയിച്ചത്. പ്രഖ്യാപനത്തിന് ശേഷമാണ് കുടുംബത്തോട് പോലും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മലബാർ കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനി പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചരിത്ര വസ്തുതകൾ കണക്കിലെടുത്താണെന്നും അതിന്റെ പേരിലല്ല പുരസ്കാരം കിട്ടിയതെന്നും സി.ഐ. ഐസക് പറഞ്ഞു. 

തന്റെ വളർച്ചയുടെ മുഴുവനും ആർഎസ്എസാണ്. സംഘത്തെപ്പറ്റി ആരെങ്കിലും മോശമായി പറഞ്ഞാൽ അത് തെറ്റാണെന്ന് തെളിയിക്കുന്ന ജീവിക്കുന്ന ഉദാഹരണമാണ് താൻ. താനൊരു കൃസ്ത്യനാണ്. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകും. ആർഎസ്എസ് ന്യൂനപക്ഷ വിരോധികളാണെന്ന വാദം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് തന്റെ 50 വർഷത്തെ രാഷ്ട്രീയജീവിതത്തിൽ നിന്ന് മനസ്സിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. 

പിണറായി സ‍ർക്കാരിന് അഭിനന്ദനം, നവകേരളം, ലൈഫ് പദ്ധതികളെ പുകഴ്ത്തി ​ഗവർണർ,ആശംസ മലയാളത്തിൽ

മലബാർ കലാപത്തെക്കുറിച്ച് നിഷ്പക്ഷമായിട്ടാണ് അന്വേഷണം നടത്തിയത്. സർക്കാർ രേഖകളടക്കം എല്ലാ തെളിവുകളും പരിശോധിച്ചാണ് മലബാർ കലാപത്തിൽ കൊല്ലപ്പെട്ട 382 പേരെയും സ്വാതന്ത്ര്യ സമര സേനാനി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. നിർബന്ധിത മതപരിവർത്തനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, കൊള്ള, കൊലപാതകം  തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചാർത്തിയിരുന്നത്. കലാപകാരികളെ അങ്ങനെ തന്നെ കാണണം. അവരെ സ്വാതന്ത്ര്യസമര സേനാനികളായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഉമാശങ്കർ ദീക്ഷിത് അക്കാലത്ത് പാർലമെന്റിൽ ഇക്കാര്യം പറ‍ഞ്ഞിരുന്നു. ആര് ഭരിച്ചാലും എന്നെ ഈ ചുമതലയേൽപ്പിച്ചാൽ ഇതുതന്നെയായിരിക്കും താൻ എഴുതുകയെന്നും അദ്ദേഹം പറഞ്ഞു. 

click me!