
പത്തനംതിട്ട: കേരള സ്റ്റോറി വിഷയത്തിൽ ചില സഭകൾ എടുത്തിട്ടുള്ളത് പ്രതിഷേധാർഹമായ നടപടിയെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് കൂറിലോസ്. ലൗ ജിഹാദ് എന്ന പ്രതിഭാസം നമ്മുടെ നാട്ടിൽ ഇല്ല എന്നത് തെളിയിക്കപ്പെട്ട യാഥാർത്ഥ്യമാണ്. ഒരു തെളിവും അക്കാര്യത്തിൽ ഉണ്ടായിട്ടില്ല. നുണക്കഥയാണ് ലൗ ജിഹാദ്. അത്തരമൊരു മിത്തുണ്ടാക്കി വിദ്വേഷത്തിന്റെയും സംശയത്തിന്റെയും സംസ്കാരവും രാഷ്ട്രീയവും പ്രചരിപ്പിക്കാൻ ചില ശക്തികൾ മനഃപ്പൂർവ്വം ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ സമയത്ത് അത്തരമൊരു സിനിമയുടെ പ്രദർശനം നടത്തുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകും. സിനിമ പ്രദര്‍ശിപ്പിക്കുന്നത് ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് എന്ന വാദത്തിൽ കഴമ്പില്ല. കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് ധാർമികമല്ലെന്നും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സിനിമ പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപതയും നിലപാടെടുത്തു. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം അതിരൂപത എടുത്തിട്ടില്ല. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം അതിരൂപതയുടേതല്ല. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam