നിയമസഭ തെരെഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എൽഡിഎഫ് നൽകിയ മൂന്ന് സീറ്റുകളിൽ ആർജെഡിയിൽ കടുത്ത അതൃപ്തി. യുഡിഎഫിൽ ലഭിച്ച 7 സീറ്റുകൾ ചൂണ്ടിക്കാട്ടി, 5 സീറ്റുകൾ വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. കോഴിക്കോട് ചേരുന്ന നിർണായക നേതൃയോഗം മുന്നണിയിലെ തുടർനിലപാടുകൾ സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തേക്കും

കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ ആര്‍ ജെ ഡി സംസ്ഥാന നേതൃയോഗം കോഴിക്കോട് ചേരുന്നു. പാര്‍ട്ടിക്ക് മൂന്ന് സീറ്റ് മാത്രമേ നല്‍കൂ എന്ന സി പി എം - എല്‍ ഡി എഫ് തീരുമാനത്തെ അംഗീകരിക്കില്ലെന്ന് ഇന്നത്തെ യോഗത്തില്‍ ഒരു വിഭാഗം വ്യക്തമാക്കി. രണ്ട് സീറ്റുകള്‍ കൂടി വേണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം വീണ്ടും ഇടത് മുന്നണിയിലും സി പി എമ്മിനോടും ആവശ്യപ്പെടണമെന്ന് ഇവര്‍ യോഗത്തില്‍ വ്യക്തമാക്കി. നിലവില്‍ കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകളിലാണ് ആര്‍ ജെ ഡി മത്സരിക്കുന്നത്. ഇതിന് പുറമെ കോവളം, ചാലക്കുടി സീറ്റുകള്‍ കൂടി വേണമെന്നാണ് ആ‌ർ ജെ ഡിയുടെ ആവശ്യം. നേതൃത്ത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിക്കുന്നവര്‍ കഴിഞ്ഞ ദിവസം വിമത യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

എൽ ഡി എഫിൽ നിരന്തരം അവഗണന

യു ഡി എഫില്‍ നില്‍ക്കുമ്പോള്‍ ഏഴ് സീറ്റു വരെ ആര്‍ ജെ ഡിക്ക് ലഭിച്ചിരുന്നു. കൂടാതെ ഒരു രാജ്യസഭ സീറ്റും യു ഡി എഫിൽ കിട്ടിയിരുന്നു. എന്നാല്‍ ഇടതുമുന്നണിയാവട്ടെ നിരന്തരം അവഗണിക്കുന്ന നിലപാടാണ് ആർ ജെ ഡിയോട് സ്വീകരിക്കുന്നെന്നാണ് ഈ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി 3 സീറ്റ് പോരെന്നും 2 അധിക സീറ്റ് ലഭിച്ചേ പറ്റു എന്നുമാണ് ഈ നേതാക്കളുടെ പക്ഷം. ഇനിയും ഈ അവഗണന സഹിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ആര്‍ ജെ ഡി സംസ്ഥാന നേതൃയോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമോ എന്നത് കണ്ടറിയണം.