മലങ്കര മെത്രാപ്പൊലീത്തയാകാന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്; തെരഞ്ഞെടുപ്പ് ഇന്ന്

By Web TeamFirst Published Oct 14, 2021, 8:39 AM IST
Highlights

പൗരസ്ത്യ കാതോലിക്കയുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിന്‍ഗാമിയായി ഐക്യകണ്‌ഠേനയാണ് മാത്യൂസ് സേവേറിയോസ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിരണ്ടാമത് മലങ്കര മെത്രാപ്പോലീത്തയും ഒമ്പതാമത് കാതോലിക്കയും ആണ് മാത്യു സേവേറിയോസ്.
 

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ (Orthadox sabha) പരമാധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ മലങ്കര അസോസിയേഷന്‍ (Malankara Association) യോഗം ഇന്ന് പരുമലയില്‍ (Parumala) ചേരും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെയാണ് (Dr. Mathews Mar severios) സഭാ മാനേജിംഗ് കമ്മറ്റി നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ വഴി അസോസിയേഷന്‍ യോഗം ചേരുന്നത്. 

പൗരസ്ത്യ കാതോലിക്കയുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിന്‍ഗാമിയായി ഐക്യകണ്‌ഠേനയാണ് മാത്യൂസ് സേവേറിയോസ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിരണ്ടാമത് മലങ്കര മെത്രാപ്പോലീത്തയും ഒമ്പതാമത് കാതോലിക്കയും ആണ് മാത്യു സേവേറിയോസ്. ഇന്ന് ചേരുന്ന സഭ അസോസിയേഷന്‍ യോഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി 30 ഭദ്രാസനങ്ങളില്‍ നിന്നായി 4007 പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമാകും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാരായ മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും അടക്കം 250 പേര്‍ മാത്രമാണ് പരുമലയില്‍ നേരിട്ട് എത്തുന്നത്. മറ്റുള്ളവര്‍ അമ്പത് കേന്ദ്രങ്ങളില്‍ നിന്നായി ഓണ്‍ലൈന്‍ വഴി സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് ചേരുന്ന സുന്നഹദോസില്‍ തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും സ്ഥാനാരോഹണ തിയതി പ്രഖ്യാപിക്കുകയും ചെയ്യും. 

അസോസിയേഷന്‍ യോഗത്തിന് മുന്നോടിയായി ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റ് കുറിയാക്കോസ് മാര്‍ ക്ലിമ്മിസ്, കാതോലിക്കാ പതാക ഉയര്‍ത്തി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 
 

click me!