
തൃശൂർ: വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത നിജി ജസ്റ്റിനെ കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിജി ജസ്റ്റിനെ മേയർ കോട്ടണിയിച്ചു. 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്. രാവിലെ മുതൽ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് നിജി ജസ്റ്റിൻ മേയറായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നുപേരുകളാണ് കോൺഗ്രസ് ഈ സ്ഥാനത്തേക്ക് ചർച്ച ചെയ്തിരുന്നത്. ലാലി ജെയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരുടേതായിരുന്നു. ലാലി ജെയിംസ് മേയറാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് നിജി ജസ്റ്റിനെ മേയറായി ഡിസിസി പ്രസിഡൻ്റ് തീരുമാനിച്ചത്.
അതിനിടെ, നിജി ജസ്റ്റിനെ മേയറായി തീരുമാനിച്ചതോടെ കൗൺസിലർ ലാലി ജെയിംസ് രംഗത്തെത്തി. പാർട്ടിക്കെതിരെ ഗുരുതര ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്. പ്രതിഷേധങ്ങൾക്കിടയിൽ ലാലി ജെയിംസ് വോട്ട് ചെയ്യാനെത്തുമോ എന്നായിരുന്നു ആശങ്ക. പിന്നീട് അനിശ്ചിതത്വം അവസാനിപ്പിച്ച് ലാലി ജയിംസ് വോട്ട് ചെയ്തു. ലാലി ജെയിംസും 2 സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിനാണ് വോട്ട് ചെയ്തത്. കോണ്‍ഗ്രസിന് വോട്ട് ചെയ്ത ലാലി ജെയിംസ് തൻ്റെ പാർട്ടിക്കെതിരെയുള്ള പ്രതിഷേധത്തിൽ നടപടി വന്നാൽ പരസ്യപ്രതികരണം നടത്തുമെന്ന് പ്രതികരിച്ചു.
പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്നും നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നുവെന്നും ലാലി ജെയിംസ്. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. തന്നെ മേയർ ആക്കില്ലെന്ന് അറിഞ്ഞപ്പോൾ തേറമ്പലിനെ പോയി കണ്ടിരുന്നു. തന്റെ മകൾ തേറമ്പിലിനോട് വേദനയോടുകൂടി ചോദിച്ചപ്പോൾ ചങ്ക് പിടഞ്ഞു പോയി. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ടെന്നും ലാലി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam