ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങി കഴക്കൂട്ടം; ഡോ എസ്എസ് ലാൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകും?

By Web TeamFirst Published Feb 6, 2021, 8:34 AM IST
Highlights

കടകംപള്ളി സുരേന്ദ്രനും വി മുരളീധരനും എംഎ വാഹിദും ഏറ്റുമുട്ടിയപ്പോൾ 2016 ൽ 7347വോട്ടിന്റെ ഭൂരിപക്ഷത്തിൽ കടകംപള്ളി വിജയിച്ചു

തിരുവനന്തപുരം: സ്ഥാനാർത്ഥികളായി പ്രൊഫഷണലുകളെ രംഗത്തിറക്കാൻ സിപിഎം ചിന്തിച്ച് തുടങ്ങിയപ്പോൾ തന്നെ കോണ്‍ഗ്രസ് നിരയിൽ നിന്നും പ്രൊഫണലുകൾ മണ്ഡലത്തിൽ സജീവമായി തുടങ്ങി. കഴക്കൂട്ടം മണ്ഡലത്തിൽ ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ.എസ്എസ് ലാലാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നവരിൽ പ്രധാനി. മണ്ഡലം നിശ്ചയിച്ചിട്ടില്ലെങ്കിലും മത്സരത്തിന് സന്നദ്ധനാകാൻ നേതൃത്വം അറിയിച്ചതായി എസ്.എസ്.ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യൂണിവേഴ്സിറ്റി കൊളേജിലെ പോരാട്ട കാലത്തേക്കുള്ള മടക്കമാണ് ഡോ.എസ്എസ് ലാലിന് നിയമസഭാ തെരഞ്ഞെടുപ്പ്. എസ്എഫ്ഐ ശക്തികേന്ദ്രത്തിൽ ചെയർമാനായി കെഎസ്‍യു പതാക പാറിച്ചതായിരുന്നു ആദ്യ രാഷ്ട്രീയ വിജയം. പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു ദൗത്യത്തിലേക്കാണ് കടക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി മൂന്നരപതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ചുവടുകൾ.

ഏറ്റവും വാശിയേറിയ ത്രികോണ പോര് 2016ൽ കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി മുരളീധരനും എംഎ വാഹിദും ഏറ്റുമുട്ടിയപ്പോൾ 7347വോട്ടിന്റെ ഭൂരിപക്ഷത്തിൽ കടകംപള്ളി വിജയിച്ചു. ഇത്തവണയും ത്രികോണ പോരിന് കളമൊരുങ്ങുമ്പോഴാണ് യുഡിഎഫ് നിരയിൽ ഡോ.എസ്എസ് ലാൽ മത്സരത്തിന് സജ്ജനാകുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി കടകംപള്ളി സുരേന്ദ്രനെ തന്നെ രംഗത്തിറക്കാനാണ് സിപിഎം പദ്ധതി. ബിജെപി എപ്ലസ് പട്ടികയിൽ ഉൾപ്പെടുത്തിയ മണ്ഡലത്തിൽ വി.മുരളീധരനോ, കെ.സുരേന്ദ്രനോ സ്ഥാനാർത്ഥിയാകും. എംഎ വാഹിദ് മൂന്നാം സ്ഥാനത്തെക്ക് തള്ളപ്പെട്ട 2016ലെ ഫലവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടനവും വിലയിരുത്തുമ്പോൾ സംഘടനാപരമായ തിരിച്ചുവരവാണ് കഴക്കൂട്ടത്ത് കോണ്‍ഗ്രസിന് മുന്നിലെ കടമ്പ. വിഐപി പോരിൽ ഇത്തവണയും കഴക്കൂട്ടം ശ്രദ്ധാകേന്ദ്രമാകുമെന്നുറപ്പ്.

click me!