പ്രതിപക്ഷത്തിന് മരണവ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വാഹമില്ല: തോമസ് ഐസക്

Published : Aug 26, 2020, 03:38 PM ISTUpdated : Aug 26, 2020, 04:30 PM IST
പ്രതിപക്ഷത്തിന് മരണവ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വാഹമില്ല: തോമസ് ഐസക്

Synopsis

പ്രതിപക്ഷ നേതാവ് സ്ഥാനം നിലനിര്‍ത്തുന്നതിനു ബിജെപിയോട് മത്സരിക്കാന്‍ പോകേണ്ടതില്ല. ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങള്‍ ദുരൂഹമാണെന്നു പറയാതെ വയ്യ.  

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെയും ബിജെപിക്കെതിരെയും ഫേസ്ബുക്ക് പോസ്റ്റുമായി ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷത്തിന് മരണ വ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തികൊടുക്കാതെ നിര്‍വാഹമില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കൊവിഡ് രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ആ സമയത്താണ് ഹൈക്കോടതി വിധി നഗ്‌നമായി ലംഘിച്ച് നാട്ടില്‍ കലാപത്തിനായി യുഡിഎഫും ബിജെപിയും എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമെല്ലാം ഇറങ്ങിയത്. ചുരുങ്ങിയത് 5 തവണയെങ്കിലും യുഡിഎഫ് ഭരണകാലത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്.

ഈ ഭരണകാലത്ത് ആരോഗ്യമന്ത്രിയുടെ ആഫീസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം തീപിടുത്തം ഉണ്ടായി. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിന്റെ പൗരാണിക തനിമ നിലനിര്‍ത്ത സമൂലമായ നവീകരണം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

ഏകദേശം 99 ശതമാനം ഫയലുകളും ഇ-ഫയലായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഫിസിക്കല്‍ ഫയലുകളുടെപോലും ഡിജിറ്റല്‍ കോപ്പി സര്‍വറില്‍ ലഭ്യമാണ്.  പ്രതിപക്ഷ നേതാവ് സ്ഥാനം നിലനിര്‍ത്തുന്നതിനു ബിജെപിയോട് മത്സരിക്കാന്‍ പോകേണ്ടതില്ല. ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങള്‍ ദുരൂഹമാണെന്നു പറയാതെ വയ്യ. അദ്ദേഹം തന്നെ അത് ദൂരീകരിക്കണം. ഓഫീസുകളില്‍ ഉണ്ടായിരുന്ന മന്ത്രിമാര്‍പോലും അറിയുന്നതിനു മുമ്പ് നിങ്ങള്‍ ഇതെങ്ങനെ അറിഞ്ഞ് ഓടിയെത്തി? ക്ഷണമാത്രയില്‍ ആരോപണവും ഉന്നയിച്ചെന്നും തോമസ് ഐസക് ചോദിച്ചു. ''തീ കത്തി ജി-മെയില്‍ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി''യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേയെന്നും തോമസ് ഐസക് പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികള്‍ എന്ന പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണെങ്കിലും ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ആ ലേബല്‍ അവര്‍ക്ക് ചാര്‍ത്തിക്കൊടുക്കാതെ നിര്‍വ്വാഹമില്ല. രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ജനകീയ ജാഗ്രത വര്‍ദ്ധിക്കേണ്ട കാലമാണ്. ആ സമയത്താണ് ഹൈക്കോടതി വിധി നഗ്‌നമായി ലംഘിച്ചുകൊണ്ട് എല്ലാവിധ കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് നാട്ടില്‍ കലാപത്തിനായി യുഡിഎഫും ബിജെപിയും എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമെല്ലാം ഇറങ്ങിയത്. എന്തിനുവേണ്ടി ഈ ലഹള?

സെക്രട്ടേറിയറ്റില്‍ ആദ്യമായിട്ട് ഉണ്ടാകുന്ന തീപിടുത്തമല്ല ഇത്. കഴിഞ്ഞ തവണ ഞാന്‍ മന്ത്രിയായിരിക്കുമ്പോള്‍ എന്റെ ഓഫീസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം തീപിടുത്തമുണ്ടായതാണ്. കൃത്യമായ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണെങ്കിലും ചുരുങ്ങിയത് 5 തവണയെങ്കിലും യുഡിഎഫ് ഭരണകാലത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ത്തന്നെ ഈ ഭരണകാലത്ത് ആരോഗ്യമന്ത്രിയുടെ ആഫീസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം തീപിടുത്തം ഉണ്ടായി. സെക്രട്ടേറിയറ്റിനുള്ളിലെ വൈദ്യുതിവിതാനം ഏച്ചുകെട്ടി ഏച്ചുകെട്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അതുപോലെ അതിനുള്ളില്‍ താല്‍ക്കാലിക നിര്‍മ്മിതികളും ഏറെ വന്നിട്ടുണ്ട്. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിന്റെ പൗരാണിക തനിമ നിലനിര്‍ത്തിക്കൊണ്ട് ഉള്ളില്‍ സമൂലമായ നവീകരണം വേണമെന്ന് ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ സംഭവങ്ങള്‍ ഈ തീരുമാനത്തിന്റെ നിര്‍വ്വഹണം വേഗത്തിലാക്കുമെന്നു കരുതാം.

ഇപ്പോള്‍ എന്താണ് ഉണ്ടായത്? രണ്ട് സംഘങ്ങള്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും ചില കാര്യങ്ങള്‍ പറയാനാവും. ഒരു ജീവനക്കാരനു കോവിഡ് ബാധിച്ചതുകൊണ്ട് ഈ മുറി ഫ്യൂമിഗേറ്റ് ചെയ്തു. പിന്നീട് ദുര്‍ഗന്ധം ഒഴിവാക്കുന്നതിനുവേണ്ടി ഫാനുകളെല്ലാം ഓണാക്കിയിരിക്കാം. ഒരെണ്ണം ഓഫാക്കാന്‍ വിട്ടുപോയതായിരിക്കാം. അന്വേഷണം പൂര്‍ത്തിയായാലേ കൃതിയായി അറിയാനാവൂ. ഏതായാലും ഈ ഫാനുകളില്‍ ഒന്നില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിട്ടുള്ളതെന്നു വ്യക്തമാണ്. ഏതായാലും തീ ആളിപ്പിടിക്കുന്നതിനു മുമ്പ് അണയ്ക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് വളരെ കുറച്ച് നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂ. ഒരു പ്രധാനപ്പെട്ട ഫയലും നശിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഒരുകാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഏറ്റവും മുന്തിയ പരിഗണന ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനാണ്. ഏകദേശം 99 ശതമാനം ഫയലുകളും ഇ-ഫയലായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഫിസിക്കല്‍ ഫയലുകളുടെപോലും ഡിജിറ്റല്‍ കോപ്പി സര്‍വ്വറില്‍ ലഭ്യമാണ്. ഇ-ഫയല്‍ സമ്പ്രദായവും സര്‍വ്വറും എന്‍.ഐ.സിയാണ് സംരക്ഷിക്കുന്നത്. ''തീ കത്തി ജി-മെയില്‍ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി''യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേ....

പിന്നെ, ഒരു ചെറിയ കാര്യംകൂടി. ഒരു ഫയല്‍ നശിപ്പിക്കണമെങ്കില്‍ സെക്രട്ടേറിയറ്റിനകത്തു തന്നെ തീയിടണമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നാല്‍ എന്തു ചെയ്യും? മൂന്നു ദേശീയ അന്വേഷണ ഏജന്‍സികളല്ലേ അന്വേഷിക്കുന്നത്. ഏതൊക്കെ ഫയലുകള്‍ നോക്കണമെന്നും എടുക്കണമെന്നതുമൊക്കെ അവര്‍ക്ക് വിട്ടുകൊടുക്കൂ. ഏതായാലും ഇതുവരെ അങ്ങയുടെ സ്‌ക്രിപ്പ്റ്റ് അനുസരിച്ചല്ല അന്വേഷണം നടക്കുന്നത് എന്നതു വ്യക്തം.

എന്തിനാണ് നിങ്ങള്‍ ഇത്ര ഡെസ്പ്പറേറ്റാകുന്നത്? അങ്ങ് കേരളത്തിന്റെ പ്രതിപക്ഷ നേതാവല്ലേ? നിങ്ങളുടെ സ്ഥാനം നിലനിര്‍ത്തുന്നതിനു ബിജെപിയോട് മത്സരിക്കാന്‍ പോകേണ്ടതില്ല. ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങള്‍ ദുരൂഹമാണെന്നു പറയാതെ വയ്യ. അദ്ദേഹം തന്നെ അത് ദൂരീകരിക്കണം. ആപ്പീസുകളില്‍ ഉണ്ടായിരുന്ന മന്ത്രിമാര്‍പോലും അറിയുന്നതിനു മുമ്പ് നിങ്ങള്‍ ഇതെങ്ങനെ അറിഞ്ഞ് ഓടിയെത്തി? ക്ഷണമാത്രയില്‍ ആരോപണവും ഉന്നയിച്ചു. 
ഒരുപക്ഷെ, പ്രതിപക്ഷ നേതാവ് സുരേന്ദ്രനില്‍ നിന്നും പഠിച്ചതാവും. കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ ആഫീസില്‍ നിന്നും വിളിച്ചുവെന്ന് എത്ര തീര്‍പ്പോടെയാണ് സുരേന്ദ്രന്‍ പറഞ്ഞത്. നിങ്ങളും അത് ഏറ്റുപറഞ്ഞു. എന്നിട്ട് ഇപ്പോള്‍ എന്തായി?

അന്വേഷണം നടക്കുകയാണ്. സത്യം പുറത്തുവരട്ടെ. നിങ്ങള്‍ വിധിയെഴുതിയതും കൊറോണക്കാലത്ത് തെരുവില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകളും തെറ്റെന്നു തെളിഞ്ഞാല്‍ താങ്കള്‍ എന്തു പ്രായശ്ചിതമാണ് ചെയ്യുക? വ്യാപകമായി കൊറോണപോലും പടര്‍ന്നു പിടിക്കാന്‍ പാകത്തില്‍ കാട്ടിക്കൂട്ടിയവയ്ക്ക് കേരളത്തോട് ഒരു മാപ്പെങ്കിലും പറയുമോ?

സ്ഥിരം വായനക്കാരനായതുകൊണ്ട് മാതൃഭൂമിയോട് ഒരു ചോദ്യമുണ്ട്. നല്ല എഡിറ്റോറിയല്‍ ആയിരുന്നുകേട്ടോ. പക്ഷെ, നിങ്ങളുടെ ഒന്നാംപേജില്‍ ആ സാരോപദേശമൊക്കെ മറന്നുകൊണ്ടുള്ള പണിയല്ലേ എടുത്തത്. തലസ്ഥാനത്തെ കത്തിക്കാനുള്ള ആഹ്വാനമല്ലേ അത്. ഇങ്ങനെയൊന്നും തീ കത്തിക്കാന്‍ ഇറങ്ങരുത്. ഈ കേരളത്തില്‍ ഇതൊന്നും വിലപ്പോവില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം