അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

By Web TeamFirst Published Aug 26, 2020, 3:16 PM IST
Highlights

പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്.
 

തിരുവനന്തപുരം: സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 

പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡ് അക്കൗണ്ടില്‍ നിന്നും തത്ക്കാലം വഹിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ തുകയുടെ 50 ശതമാനം സര്‍ക്കാര്‍ പിന്നീട് ബോര്‍ഡിന് അനുവദിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1000ല്‍ നിന്നും 2,000 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 600ല്‍ നിന്നും 1,200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്. 

നേരത്തെ അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 500 രൂപയും ഹെല്‍പ്പര്‍മാരുടേത് 300 രൂപയും ആയിരുന്നത് ഈ സര്‍ക്കാരാണ് 1000 രൂപയും 600 ആക്കി വര്‍ധിപ്പിച്ചത്. ഇതോടെ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുകയുടെ 400 ശതമാനം വര്‍ധനവാണ് വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

click me!